ഗുരുവായൂർ: സ്ഥാനമാനങ്ങൾ കിട്ടാത്തതിൽ പ്രതിഷേധിക്കുകയാണെങ്കിൽ ആദ്യം പ്രതിഷേധിക്കേണ്ടത് താനായിരുന്നുവെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.പാലക്കാട് സരിനെതിരെയുള്ള നടപടി തീരുമാനിക്കേണ്ടത് പാർട്ടിയാണെന്നും ചെന്നിത്തല ഗുരുവായൂരിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
സരിൻ വിഷയം പാലക്കാട് തെരഞ്ഞെടുപ്പിൽ പ്രതികൂലമായി ബാധിക്കില്ല. എല്ലാ തെരഞ്ഞെടുപ്പിലും എല്ലാവരേയും പരിഗണിക്കാൻ സാധിക്കില്ല. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ വിജയിക്കും. നിർണായക തെരഞ്ഞെടുപ്പിൽ സരിൻ കോണ്‍ഗ്രസിനൊപ്പം നിൽക്കേണ്ടതായിരുന്നു.
സരിനുമായി സംസാരിച്ചിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. താൽക്കാലിക നേട്ടത്തിനായി കോണ്‍ഗ്രസ് വിടുന്നവർ പിന്നീട് പശ്ചാത്തപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് സിപിഎമ്മിന് ഒരു പ്രസക്തിയുമില്ല. അവർക്ക് ആരെയങ്കിലും സ്ഥാനാർഥിയായി കിട്ടിയാൽ മതി. രാഹുലിനൊപ്പം ചാണ്ടി ഉമ്മൻ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പോകാതെ മാറിനിന്നതിനെക്കുറിച്ച് അറിയില്ലെന്നും ചിലപ്പോൾ തിരക്കുകൊണ്ടാകാമെന്നും ചെന്നിത്തല പ്രതികരിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ ഷാഫി പറന്പിലിന്റെ സ്ഥാനാർഥിയല്ല കോണ്‍ഗ്രസിന്റെ സ്ഥാനാർഥിയാണെന്നും സംസ്ഥാനത്തെ മൂന്ന് ഉപതെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് വിജയിക്കുമെന്നും യുവാക്കൾക്കും സ്ത്രീകൾക്കും സ്ഥാനമാനങ്ങൾ കൊടുക്കുന്ന പാർട്ടി കോണ്‍ഗ്രസാണെന്നും ചെന്നിത്തല പറഞ്ഞു.