തൃശൂർ: കെയർടേക്കർ സർക്കാരാണു കേരളം ഭരിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോക്സഭാ തെരഞ്ഞെടുപ്പിലെ വൻ പരാജയത്തോടെ എൽഡിഎഫ് സർക്കാരിനു ജനപിന്തുണ നഷ്ടമായെന്നു തെളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ചുമട്ട് തൊഴിലാളി യൂണിയൻ- ഐഎൻടിയുസി ജില്ലാ സമ്മേളനം ടൗണ്‍ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല.
ഓരോ ദിവസവും ക്യാബിനറ്റ് പദവികൾ സൃഷ്ടിച്ച് കേരള ഖജനാവിനെ കൊള്ളയടിക്കുകയാണു സർക്കാർ. ഇത്രയും ഉപദേശകരുടെ നിർദേശം കിട്ടിയിട്ടും കേരളത്തിന്റെ അവസ്ഥ പരിതാപകരമാണ്. പ്രളയ ക്യാന്പുകളിൽ വേണ്ടത്ര സഹായം എത്തിക്കാൻ പോലും കഴിഞ്ഞിട്ടില്ലെന്നും ചെന്നിത്തല ആരോപിച്ചു.
ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി അധ്യക്ഷനായി. യുഡിഎഫ് കണ്‍വീനർ ബെന്നി ബഹനാൻ എംപി, ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖർ, മുൻ സ്പീക്കർ തേറന്പിൽ രാമകൃഷ്ണൻ, പി.എ. മാധവൻ, ഡോ. ശൂരനാട് രാജശേഖരൻ, എ.കെ. ഹഫീസ്, ടി.യു. രാധാകൃഷ്ണൻ, ജോസഫ് ചാലിശേരി, ഒ. അബ്ദുറഹിമാൻകുട്ടി, ടി.വി. ചന്ദ്രമോഹൻ, എം.പി. വിൻസെന്റ്, എൻ.കെ. സുധീർ തുടങ്ങിയവർ പ്രസംഗിച്ചു.