കണ്ണൂർ: സ്വാശ്രയ വിദ്യാഭ്യാസ മേഖലയെ സർക്കാർ മാനേജ്മെന്റിന് തീറെഴുതികൊടുത്തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂർ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. ആരോഗ്യമന്ത്രി കെ.കെ. ഷൈലജയുടെ നേതൃത്വത്തിൽ സർക്കാർ സ്വാശ്രയ മാനേജ്മെന്റുകളുമായി ഒത്തുകളിക്കുകയാണ്. പാവപ്പെട്ട വിദ്യാർഥികൾക്ക് മെഡിക്കൽ, എൻജിനിയറിംഗ് മേഖലയിൽ പഠിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്.
യുഡിഎഫ് സർക്കാർ അഞ്ച് വർഷത്തേക്ക് 45,000 രൂപയായിരുന്നു ഫീസ് വർധിപ്പിച്ചതെങ്കിൽ എൽഡിഎഫ് സർക്കാർ ലക്ഷങ്ങളാക്കി ഉയർത്തി. സ്വാശ്രയ മാനേജ്മെന്റുകൾക്കെതിരേയുള്ള കേസുകളിൽ സർക്കാർ തോറ്റുകൊടുക്കുകയാണ്. സർക്കാരിന് സ്വാശ്രയ കോളജുകളെ നിയന്ത്രിക്കാനുള്ള നിയമം പോലും ഹൈക്കോടതി ഇപ്പോൾ റദ്ദാക്കി.
എന്നാൽ ഇതിനെതിരേ സർക്കാർ മൗനം പാലിക്കുകയാണ്. സർക്കാർ അപ്പീൽപോകാൻ തയാറാകണം. ഗെയിൽ, വിഴിഞ്ഞം വിഷയങ്ങളുമായി ബന്ധപ്പെട്ട് സമരം നടത്തുന്നവരെ അടിച്ചമർത്തുന്നത് സർക്കാർ നയമാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സമരങ്ങളെ അടിച്ചമർത്താൻ പിണറായി വിജയൻ ഹിറ്റ്ലറാണോ.
എൽഡിഎഫ് ഇപ്പോൾ സമരങ്ങളോട് അസഹിഷ്ണുതകാണിക്കുന്ന പ്രസ്ഥാനമായി മാറി. കമ്യൂണിസ്റ്റ് കാരനായ മുഖ്യമന്ത്രി ഭരിക്കുന്പോൾ സമരങ്ങളെ അടിച്ചമർത്തുന്നത് അപലപനീയമാണ്. സർക്കാർ സമരക്കാരുമായി ചർച്ച നടത്തി പരിഹരിക്കണമെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫിനെ തകർക്കുവാൻ വേണ്ടി എൽഡിഎഫും ബിജെപിയും ഒന്നിച്ച് പ്രവർത്തിക്കുകയാണ് പരസ്പരം പാലൂട്ടുന്ന ശത്രുക്കളാണിവർ.
കളക്ടറുടെ ഉത്തരവ് ലംഘിച്ച് പതാക ഉയർത്തിയ ആർഎസ്എസ് നേതാവ് മോഹൻ ഭാഗവതിനെരേ കേസെടുക്കാൻ പോലും തയാറായില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് നേതാക്കളായ എ.ഡി. മുസ്തഫ, എ.പി. അബ്ദുള്ളക്കുട്ടി, ജോണി നെല്ലൂർ, ഉമ്മർ എംഎൽഎ, കെ.സി. ജോസഫ് എംഎൽഎ, സതീശൻ പാച്ചേനി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.