തിരുവനന്തപുരം: കേരളത്തിൽ പൂട്ടിയ മദ്യശാലകളെല്ലാം തുറക്കുന്നതു വഴി യുഡിഎഫ് സർക്കാരിനെ അട്ടിമറിക്കാൻ ബാറുടമകൾക്ക് നൽകിയ വാഗ്ദാനം ഇടതു മുന്നണി നിറവേറ്റിക്കൊടുക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സുപ്രീംകോടതി വിധി ഇതിന് സൗകര്യമായി ഉപയോഗിക്കുകയാണ്. മുൻധനകാര്യ മന്ത്രി കെ.എം. മാണിക്കെതിരെ കേസ് നടത്തിയാൽ ഇടതു മുന്നണി അധികാരത്തിലേറിയാൽ പൂട്ടിക്കിടക്കുന്ന ബാറുകളെല്ലാം തുറന്നു തരാമെന്ന് സിപിഎം നേതാക്കൾ ഉറപ്പു നൽകിയിരുന്നതായി ബാറുടമകളുടെ അസോസിയേഷൻ നേതാവ് ബിജു രമേശ് കഴിഞ്ഞ മാസം വെളിപ്പെടുത്തിയിരുന്നു. ആ വാഗ്ദാനം നിറവേറ്റുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്- ചെന്നിത്തല കുറ്റപ്പെടുത്തി.
ഘട്ടംഘട്ടമായാണ് സർക്കാർ കേരളത്തെ മദ്യാലയമാക്കി മാറ്റിയിരിക്കുന്നത്. കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാനുള്ള സർക്കാർ നീക്കത്തെ ശക്തമായി ചെറുക്കുമെന്നും ചെന്നിത്തല പറഞ്ഞു.