തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും അദ്ദേഹം രാജ്യദ്രോഹ കുറ്റം ചെയ്തുവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും മൂന്ന് മന്ത്രിമാര്‍ക്കും പങ്കുണ്ടെന്ന് കസ്റ്റംസ് ഹൈക്കോടതിയില്‍ സത്യവാംഗ്മൂലം നല്‍കിയതിന് പിന്നാലെയാണ് അദ്ദേഹം പ്രതികരിച്ചത്.
അന്വേഷണ ഏജന്‍സിക്ക് തെളിവ് ലഭിച്ചിട്ട് രണ്ട് മാസമായി. എന്നിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രിക്കും സ്പീക്കര്ക്കുമെതിരായി നടപടി സ്വീകരിച്ചില്ലെന്നത് ഗൗരവമേറിയതാണ്. ഞെട്ടിക്കുന്ന തെളിവുണ്ടായിട്ടും അന്വേഷണം മരവിപ്പിക്കുകയാണ് കേന്ദ്ര ഏജന്‍സികള്‍ ചെയ്തത്.
ആരുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ അന്വേഷണം മരവിപ്പിച്ചത്?. അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുമെന്നായപ്പോഴാണ് അന്വേഷണം മരവിപ്പിച്ചത്.ഇത് മുഖ്യമന്ത്രിയുടെയും ബിജെപിയുടെയും ഒത്തുകളിയാണ്.
മുഖമന്ത്രി ആവശ്യപ്പെട്ടിട്ടാണ് കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ എത്തിയത്. അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുമെന്നായപ്പോള്‍ മുഖ്യമന്ത്രി കേന്ദ്ര ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരായി പ്രധാനമന്ത്രിക്ക് കത്തയച്ചു. പിന്നീട് ഈ കത്തിനെക്കുറിച്ച് ഒരു വിവരവുമില്ല.
മാര്‍ച്ച് നാലിനാണ് ഹൈക്കോടതി മുന്‍പാകെ കമ്മീഷന് ഓഫ് കസ്റ്റംസ് പ്രവന്റീവ് ഈ സത്യവാഗ്മൂലം സമര്‍പ്പിച്ചത്. ഈ മൊഴി കൈയില്‍ കിട്ടിയിട്ട് രണ്ട് മാസത്തിലേറയായി. ഈ അന്വേഷണവുമായി എന്തുകൊണ്ട് മുന്നോട്ടു പോയില്ല ?.
കള്ളക്കടത്തുമായി ബന്ധപ്പെട്ട് എല്ലാ ഇടപാടും നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലാണ്. മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറാണ് കള്ളക്കടത്തിനുള്ള എല്ലാ സഹായങ്ങളും ചെയ്തു നല്‍കിയത്.
ഉന്നത തലത്തില്‍ നടന്ന വലിയ ഗൂഡാലോചനയുടെ ഭാഗമാണ് സ്വര്‍ണക്കടത്തെന്ന് പ്രതിപക്ഷം പറഞ്ഞപ്പോള്‍ അന്ന് ഞങ്ങളെ പരിഹസിച്ചു. എന്നാല്‍ ഞെട്ടിപ്പോയി എന്ന് കോടതി തന്നെ പറഞ്ഞു.
ഈ കേസ് സംബന്ധിച്ച് ഞങ്ങള്‍ പറഞ്ഞത് സത്യമാണെന്ന് അഫിഡവിറ്റിലൂടെ പുറത്തുവന്നു. പ്രതിപക്ഷം പറഞ്ഞതെല്ലാം സത്യമാണെന്ന് പുറത്തുവന്നു. ഈ മൊഴി ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ കൈയിലുണ്ടായിട്ടും കസ്റ്റംസ് എന്തുകൊണ്ട് താമസിപ്പിച്ചു ?. ഇവിടെയാണ് മുഖ്യമന്ത്രിയും മോദിയും തമ്മിലള്ള അവിശുദ്ധ കൂട്ടുകെട്ട് വ്യക്തമാകുന്നത്.
ലാവ്ലിന് കേസ് 21 തവണ സുപ്രീംകോടതിയില്‍ മാറ്റിവച്ചത് ബിജെപിയും സിപിഎമ്മും തമ്മിലുള്ള ബന്ധം തെളിയിക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കോ അമിത്ഷായ്ക്കോ എതിരായി മുഖ്യമന്ത്രി എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ ?. കേന്ദ്രവും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധം പുറത്തുവന്നതിലുള്ള ജാള്യതയാണ് മുഖ്യമന്ത്രിക്ക്.
കേരളത്തെ വിറ്റ് കാശാക്കുന്നയാളാണ് മുഖ്യമന്ത്രി. അയ്യായിരം കോടി രൂപയുടെ കേരളത്തിന്റെ മത്സ്യസമ്പത്ത് അമേരിക്കന്‍ കമ്പനിക്ക് വിറ്റ് കാശാക്കാന്‍ നോക്കിയത് മുഖ്യമന്ത്രിയാണ്.
ചില്ലറ കാശിന് കേരളത്തിലെ മത്സ്യസമ്പത്ത് നാടുകടത്താന്‍ നോക്കിയത് ഇന്നത്തെ ഭരണകൂടമാണ്. കോവിഡ് പടര്‍ന്ന് പിടിച്ചപ്പോള്‍ ജനങ്ങളുടെ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് വിറ്റ് കാശുണ്ടാക്കിയതും മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.