തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കലിനിടെ തീ പടർന്നു ദന്പതികൾ മരിച്ച സംഭവത്തിൽ കുറ്റക്കാരായ പോലീസുകാർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
മയക്കുമരുന്ന് കേസിൽ റെയ്ഡ് നടക്കുന്പോൾ പ്രതിയായ ബിനീഷ് കോടിയേരിയുടെ വീട്ടിലേക്ക് ഓടിയെത്തിയ ബാലാവകാശകമ്മീഷൻ എന്തുകൊണ്ടാണ് ഈ കുട്ടികളെ മറന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു.
രമേശ് ചെന്നിത്തലയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:
ഈ ചൂണ്ടുവിരൽ പിണറായി പോലീസിന് നേരെയാണ്.സംഭവം നടന്ന് മണിക്കൂറുകൾക്കകം ഒഴിപ്പിക്കൽ നടപടി സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് വന്നിരുന്നു. എന്നാൽ ഇത് മുൻകൂട്ടി അറിഞ്ഞാണ് പോലീസ് ഒഴിപ്പിക്കാനായി എത്തിയതെന്നാണ് മക്കൾ പറയുന്നത്.
മൂന്ന് സെന്റിൽ നിന്ന് ഈ കുടുംബത്തെ ഒഴിപ്പിക്കാൻ പോലീസ് വ്യഗ്രത കാട്ടിയത്.മയക്കുമരുന്ന് കേസിൽ റെയ്ഡ് നടക്കുന്പോൾ പ്രതിയായ ബിനീഷ് കോടിയേരിയുടെ വീട്ടിലേക്ക് ഓടിയെത്തിയ ബാലാവകാശകമ്മീഷൻ എന്ത് കൊണ്ട് ഈ കുട്ടികളെ മറന്നു
അഗതികളായ 20 പേർക്കെങ്കിലും ആഹാരം നൽകിയ ശേഷമാണ് രാജൻ ജോലി ആരംഭിച്ചിരുന്നത്. തകരയുടേയും പ്ലാസ്റ്റിക് ഷീറ്റിന്റെയും മേൽക്കൂരയ്ക്ക് താഴെ കഴിഞ്ഞിരുന്ന മരപ്പണിക്കാരനായ രാജൻ സഹജീവികളോട് കാട്ടിയ സഹാനുഭൂതി ഒരിക്കലും തിരികെ കിട്ടിയില്ല.
രാജനും അന്പിളിയും മാത്രമല്ല ഇവിടെ വെന്തുമരിക്കുന്നത്, നീതിയും മനുഷ്യത്വവും കൂടിയാണ്. ഈ ദൃശ്യങ്ങൾ കാണുന്ന ആരുടേയും ഉള്ളുപൊള്ളുകയാണ്. രാഹുലിനും രഞ്ജിത്തിനും നീതി വേണം. കേരളം ഒറ്റക്കെട്ടായി ഈ കുഞ്ഞുങ്ങളോടൊപ്പമുണ്ട്.
കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടിയെടുക്കണം.രഞ്ജിത്തിന്റെ ചൂണ്ടുവിരൽ ഇപ്പോഴും പോലീസിന് നേരെ നീണ്ടുനിൽക്കുകയാണ്.