തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ പരാജയത്തെ തുടർന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വിമർശനവും സൈബർ ആക്രമണവും നടത്തുന്നവർക്കെതിരെ കടുത്ത വിമർശനവുമായി രമേശ് ചെന്നിത്തല.
ആദർശ സുരഭിലമായ ഒരു ജീവിതം നയിക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും പാർട്ടിയും സമൂഹവും നീതി കാട്ടിയിട്ടുണ്ടോയെന്ന് സംശയിക്കുന്നതായും ഫേസ് ബുക്കിൽ പങ്കു വച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു.
അദ്ദേഹം അര്‍ഹിക്കാത്ത വിമര്‍ശനവും പരിഹാസവും നിരത്തി അപമാനിക്കാനുള്ള നീക്കവും ധാരാളമായി ഉണ്ടായി.എനിക്കും അദ്ദേഹത്തിനും സി.പി.എമ്മിന്റെ സൈബര്‍ വെട്ടുകിളിക്കൂട്ടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിച്ചില്ല.
കോണ്‍ഗ്രസ് നേതാക്കളെ അപമാനിക്കാനും അവഹേളിക്കാനും സി.പി.എമ്മിന്റെ സൈബര്‍ സംവിധാനം എല്ലാ ഘട്ടത്തിലും പ്രവര്‍ത്തിച്ചു.
മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തിലാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇരുപതില്‍ 19 സീറ്റും വിജയിച്ചത്. അന്ന് മുല്ലപ്പള്ളിയെയോ ഉമ്മന്‍ചാണ്ടിയേയോ എന്നെയോ ആരും അഭിനന്ദിച്ചു കണ്ടില്ല.
നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ഉത്തരവാദിത്വം മുല്ലപ്പള്ളിക്ക് മാത്രമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഈ തോല്‍വിയുടെ ഉത്തരവാദിത്വം മുല്ലപ്പള്ളിയെക്കാള്‍ കൂടുതല്‍ എനിക്കും ഉമ്മന്‍ചാണ്ടിക്കും മറ്റുനേതാക്കള്‍ക്കും ഉണ്ടെന്ന് വിശ്വസിക്കുന്നു.
ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും മറ്റു മുതിര്‍ന്ന നേതാക്കള്‍ക്കും ഇല്ലാത്ത യാതൊരു ഉത്തരവാദിത്വവും മുല്ലപ്പള്ളി രാമചന്ദ്രനെ തലയില്‍ ആരും കെട്ടി വയ്ക്കേണ്ട.
എനിക്കും ഉമ്മന്‍ ചാണ്ടിക്കു ശേഷം മാത്രമാണ് മുല്ലപ്പള്ളി രാമചന്ദ്രന് ഉത്തരവാദിത്വമുള്ളത്.- രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.