പ്രളയ ദുരന്തത്തില്‍ അകപ്പെട്ടവരുടെ സഹായത്തിനായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കരുതെന്ന സോഷ്യല്‍ മീഡിയ പ്രചരണം തള്ളിക്കളയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദുരിതാശ്വാസ ഫണ്ടിലേക്ക് താന്‍ ഒരു മാസത്തെ ശമ്പളം സംഭാവനയായി നല്‍കിയെന്നും ഓരോരുത്തരുടെയും ഒരു കൈ സഹായം കേരളത്തിന് ആവശ്യമുണ്ടെന്നും ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…
‘അതിരൂക്ഷമായ പ്രളയക്കെടുതിക്ക് ഇരയായവരെ സഹായിക്കുന്നതിനായി ഒരു മാസത്തെ ശമ്പളം ഞാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നല്‍കരുത് എന്ന സോഷ്യല്‍ മീഡിയ കാമ്പയിന് നിങ്ങള്‍ തള്ളിക്കളയണം. മഹാദുരന്തത്തില്‍ നിന്നും കരകയറാന്‍ നിങ്ങള്‍ ഓരോരുത്തരുടെയും ഒരു കൈ സഹായം കേരളത്തിന് ആവശ്യമുണ്ട്.
സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് (സി.എം.ഡി.ആര്.എഫ്) ഉദാരമായി സംഭാവന നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ അഭ്യര്‍ത്ഥിച്ചിരുന്നു. വ്യക്തികളോടും സംഘടനകളോടും സ്ഥാപനങ്ങളോടുമാണ് മുഖ്യമന്ത്രി അഭ്യര്‍ത്ഥന നടത്തിയിരുന്നത്.