സ്വന്തം ലേഖകന്‍
കോഴിക്കോട്: സര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി കുതിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഐ ഫോണ്‍ വിവാദത്തില്‍ കുടുക്കിയതിനു പിന്നില്‍ പാളയത്തെ പടയാണെന്നു സൂചന. നിലവില്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രതിപക്ഷ നേതാവിനെതിരായ ശക്തമായ കാംന്പയിനാണ് നടക്കുന്നത്.
ഇതിനു പിന്നില്‍ കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗത്തിന്റെ മൗനാനുവാദമുണ്ടെന്നാണ് എതിർപക്ഷത്തിന്റെ നിഗമനം. ഈ സാഹചര്യത്തില്‍ ആഭ്യന്തര അന്വേഷണത്തിനു വിശ്വസ്തരെ തന്നെ ചെന്നിത്തല എല്പ്പിച്ചുകഴിഞ്ഞു.
പാര വന്ന വഴി
സ്ഥാനമാനങ്ങളെ ചൊല്ലി നിലവില്‍ കോണ്‍ഗ്രസില്‍ ഉണ്ടായ അഭിപ്രായ ഭിന്നതയും വിഷയം ആളിക്കത്തിക്കാന്‍ കാരണമായിട്ടുണ്ടെന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറയുന്നത്.
തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ഭരണം ലഭിച്ചാല്‍ മുഖ്യമന്ത്രിയാരാകണമെന്നതുള്പ്പെടെയുള്ള ചര്‍ച്ചകള്‍ ഇതിനകം ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്. ഇതില്‍ മുന്‍ നിരയിലുള്ള നേതാവിനെ വെട്ടാന്‍ ഐഫോണ്‍ ‘ഇറക്കിയതാണോ’ എന്ന സംശയമാണ് പാര്‍ട്ടിയിലെ ചെന്നിത്തല അനുകൂലികള്‍ ഉന്നയിക്കുന്നത്.
തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണം നടത്തണമെന്ന് ഇന്നലെ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. സ്വപ്ന നല്കിയെന്നു പറയുന്ന അഞ്ച് ഫോണുകള്‍ ഉപയോഗിക്കുന്നവരെ കണ്ടെത്തണമെന്നാണ് ആവശ്യം.
നയതന്ത്ര ബാഗിലൂടെ സ്വര്‍ണം കടത്തിയ കേസിലെ ഒന്നാം പ്രതി സ്വപ്ന സുരേഷ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഐഫോണ്‍ സമ്മാനിച്ചെന്നു യൂണിടാക് ഉടമയാണ് വെളിപ്പെടുത്തിയത്. ഇതാണ് സിപിഎം ഒന്നടങ്കം ഏറ്റുപിടിച്ചിരിക്കുന്നത്.
കിട്ടിയ അവസരം
മുന്‍കൂട്ടി തയാറാക്കിയ കാപ്സ്യൂള്പോലെ ചെന്നിത്തലയ്ക്കെതിരായ പ്രചാരണം കൊഴുത്തു. ഒപ്പം വാര്‍ത്താസമ്മേളനവുമായി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തി.
ലെഫ് മിഷന് ഫ്ലാറ്റുകളുടെ കരാര്‍ ലഭിച്ചതിന് 4.48 കോടി രൂപയും അഞ്ച് ഐ ഫോണും കമ്മീഷന് ആയി നല്‍കിയെന്നാണ് യൂണിടാക് കമ്പനി ഉടമ സന്തോഷ് ഈപ്പന് അവകാശപ്പെടുന്നത്.
ലൈഫ് മിഷനെ സംബന്ധിച്ച് സിബിഐ അന്വേഷണം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ആയിരുന്നു ഈ വെളിപ്പെടുത്തല്‍. എന്നാല്‍ ഈവിഷയവുമായി ബന്ധപ്പെട്ട് മറ്റൊരു കോണ്‍ഗ്രസ് നേതാവും
പരസ്യ പ്രതികരണത്തിനോ പ്രതിപക്ഷനേതാവിനെ പ്രതിരോധിക്കുന്നതിനോ രംഗത്തുവന്നിട്ടില്ല. സ്വയം പ്രതിരോധിക്കേണ്ട സ്ഥിതിയിലെത്തിയിരിക്കുകയാണ് പ്രതിപക്ഷനേതാവ്.
വലിയ കെണി
സ്വർണക്കടത്തു കേസ് തുടങ്ങിയപ്പോൾ മുതൽ ദിവസവും കുറഞ്ഞതു രണ്ടോ മൂന്നോ പത്രസമ്മേളനങ്ങൾ വരെ ചെന്നിത്തല നടത്തിയിരുന്നു. ഒരു പത്രസമ്മേളനമെങ്കിലും ഇല്ലാത്ത ദിവസം വളരെ കുറവായിരുന്നു. ഇതിനു പുറമേ പത്രക്കുറിപ്പുകളും.
ഇവയിലെല്ലാം സർക്കാരിനെ സ്വർണക്കടത്തു കേസിൽ കടന്നാക്രമിക്കാൻ അദ്ദേഹം മുന്നിൽ നിന്നിരുന്നു. എന്നാൽ, ആ നേതാവിനെ തന്നെ പൂട്ടാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ഇടതു ക്യാന്പുകൾ. പുതിയ ആരോപണം രാഷ്ട്രീയക്കാരല്ല ഉയർത്തിയിരിക്കുന്നത്.
യുണിടാക് എംഡി സന്തോഷ് ഈപ്പൻ സിബിഐ അന്വേഷണത്തിനെതിരേ കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഇക്കാര്യം വന്നത്. ഇതു വലിയ കെണിയാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇതിനെക്കുറിച്ച് അന്വേഷിക്കാൻ ഇനി അന്വേഷണ ഏജൻസികൾ നിർബന്ധിതമാകും. ചെന്നിത്തലയുടെ മൊഴി രേഖപ്പെടുത്താനും സാധ്യതയുണ്ട്. കോടതിയിലും ഇതു സംബന്ധിച്ച പരാമർശങ്ങൾക്കു സാധ്യതകളുണ്ടോയെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ വൃത്തങ്ങൾ.
2019 ഡിസംബർ രണ്ടിന് തിരുവനന്തപുരത്ത് യുഎഇ കോൺസുലേറ്റ് സംഘടിപ്പിച്ച യുഎഇ ദേശീയ ദിനാഘോഷത്തിൽ രമേശ് ചെന്നിത്തല പങ്കെടുത്തിരുന്നു.
ചെന്നിത്തലയ്ക്കും വേദിയിലെ മറ്റ് അതിഥികൾക്കും നൽകാനായി സ്വപ്ന സുരേഷ് അഞ്ച് മൊബൈൽ ഫോണുകൾ ആവശ്യപ്പെട്ടെന്നാണ് ഹർജിയിൽ പറയുന്നത്. ഇതു വാങ്ങി നൽകിയതായും പറയുന്നു. ഫോൺ വാങ്ങിയതിന്റേതെന്നു പറയുന്ന ബില്ലും ഹാജരാക്കിയിട്ടുണ്ട്.
ഏതെങ്കിലും വിഷയം കിട്ടിയാൽ അതു പ്രയോജനപ്പെടുത്താനുള്ള സിപിഎമ്മിന്റെ സംഘടനാ മികവ് ആണ് ചെന്നിത്തല അനുകൂലികളെ ആശങ്കയിലാക്കിയിരിക്കുന്നത്. അതേസമയം, തനിക്കാരും ഫോൺ നൽകിയിട്ടില്ലെന്ന ശക്തമായ നിലപാടിലാണ് ചെന്നിത്തല. ഏത് അന്വേഷണം നേരിടാൻ തയാറാണെന്നും അദ്ദേഹം പറയുന്നു.