തിരുവനന്തപുരം: മാർക്ക് ദാന വിഷയത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിദ്യാഭ്യാസ മേഖലയെ ഇടതുസർക്കാർ അടിമുടി തകർക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. സ്ഥിതി ഗൗരവമായതിനാലാണ് ഗവർണർ പരസ്യവിമർശനം നടത്തിയത്. ഇതിനു മുമ്പ് ഇത്തരം നടപടി ഉണ്ടായിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
ഗവർണറുടെ പ്രസ്താവന അങ്ങേയറ്റം ഗൗരവതരമാണ്. മന്ത്രിയെ വിമർശിച്ചാണ് ഗവർണറുടെ സെക്രട്ടറിയുടെ കുറിപ്പ്. പുനർമൂല്യനിർണയത്തിൽ ഉത്തരം പറയാൻ മന്ത്രിക്ക് ബാധ്യതയുണ്ട്. ഒരു വിദ്യാർഥിക്ക് മൂന്ന് പുനർമൂല്യനിർണയം ചട്ടലംഘനമാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
മന്ത്രിക്കു വേണ്ടിയാണ് പ്രൈവറ്റ് സെക്രട്ടറി അദാലത്തിൽ എത്തിയത്. എംജി വിഷയത്തിൽ ഗവർണറെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടന്നു. ഒടുവിൽ പ്രതിപക്ഷത്തിന്റെ ആരോപണം ഗവർണറും ശരിവച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.