കാഞ്ഞങ്ങാട്: മകന്റെ വിവാഹസത്കാരത്തിനായി കരുതിവച്ച തുക കല്യോട്ട് കൊലചെയ്യപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്റെ സഹോദരിയുടെ പഠനച്ചെലവിനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൈമാറി.
കൃപേഷിന്റെ കുടുംബത്തിന് ഹൈബി ഈഡൻ എംപിയുടെ നേതൃത്വത്തിൽ കല്യോട്ട് നിർമിച്ചുനൽകിയ കിച്ചൂസ് എന്ന വീട്ടിൽ ഭാര്യ അനിത, മകൻ ഡോ. രോഹിത്, മരുമകൾ ഡോ. ശ്രീജ എന്നിവർക്കൊപ്പമെത്തിയാണ് രമേശ് ചെന്നിത്തല കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയയ്ക്ക് അഞ്ചു ലക്ഷം രൂപ കൈമാറിയത്. കോഴിക്കോട് ദേവഗിരി കോളജിൽ ബിരുദവിദ്യാർഥിനിയാണ് കൃഷ്ണപ്രിയ.
കൊലചെയ്യപ്പെട്ട ശരത്ലാലിന്റേയും കൃപേഷിന്റേയും സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് ചെന്നിത്തലയും കുടുംബാംഗങ്ങളും ഇരുവരുടെയും വീടുകളിലെത്തി കുടുംബാംഗങ്ങളെ കണ്ടത്. രാജ്മോഹൻ ഉണ്ണിത്താൻ എംപിയും കോൺഗ്രസിന്റെ സംസ്ഥാന-ജില്ലാ നേതാക്കളും പ്രതിപക്ഷ നേതാവിനൊപ്പമുണ്ടായിരുന്നു.