തിരുവനന്തപുരം: കോവിഡ് രോഗികളുടെ ഫോൺ വിവരങ്ങൾ(സിഡിആർ) പോലീസ് ശേഖരിക്കുന്നത് അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനു കത്ത് നൽകി. കോവിഡ് ബാധിതരുടെ അറിവില്ലാതെയാണ് പോലീസ് സിഡിആർ ശേഖരിക്കുന്നതെന്നും ചെന്നിത്തല കത്തിൽ പറഞ്ഞു.
കോവിഡിന്റെ മറവിൽ വ്യക്തികളുടെ അനുവാദം കൂടാതെ സ്വകാര്യ വിവരങ്ങൾ ഭരണകൂടം ശേഖരിക്കുന്നത് മൗലികാവകാശ ലംഘനമാണ്. ഒരു വ്യക്തി സംസാരിക്കുന്ന വ്യക്തികളുടെ വിവരങ്ങൾ കൊണ്ട് എങ്ങിനെ കോവിഡ് രോഗികളുമായി സമ്പർക്കം പുലർത്തിയ വ്യക്തികളുടെ ലിസ്റ്റ് ഉണ്ടാക്കാൻ സാധിക്കും എന്ന ചോദ്യവും ഈ സാഹചര്യത്തിൽ പ്രസക്തമാണ്.
ഒരു വ്യക്തിയുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കാൻ അനുമതി നൽകുന്ന മറ്റൊരു നിയമം ഇന്ത്യൻ ക്രിമിനൽ നടപടിക്രമങ്ങൾ (സിആർപിസി) ആണ്. പക്ഷെ ഇത് കുറ്റം ആരോപിക്കപ്പെട്ടിരിക്കുന്ന വ്യക്തിക്കെതിരെ മാത്രമേ ബാധകമാക്കാൻ സാധിക്കുകയുള്ളു. കോവിഡ് രോഗം ഒരു കുറ്റമല്ലാത്തതിനാൽ സർക്കാരിന് ഈ നിയമവും ഉപയോഗിക്കാൻ സാധിക്കുകയുമില്ല.
സർക്കാരിനെ വിമർശിക്കുന്നവരുടെ ഫോൺ രേഖകൾ ചോർത്താനുള്ള വിലകുറഞ്ഞ തന്ത്രത്തിന്റെ ഭാഗമാണോ ഇതെന്ന സംശയം ഇതിനോടകം ഉയർന്നുവന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ സംസ്ഥാന പോലീസിന്റെ നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ ഈ നടപടി ഉടൻ പിൻവലിക്കണമെന്ന് താങ്കളോട് അഭ്യർത്ഥിക്കുന്നതായും ചെന്നിത്തല കത്തിൽ പറയുന്നു.