കായംകുളം: ജനങ്ങളുടെ സമാധാനജീവിതം തകർത്ത് കേരളത്തെ മദ്യത്തിൽ മുക്കി കൊല്ലാനാണ് എൽഡിഎഫ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിനും, കശാപ്പ് നിരോധനം ഏർപ്പെടുത്തിയ കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നടപടികൾക്കുമെതിരേ യുഡിഎഫ് കായംകുളം നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാരിന്റെ പുതിയ മദ്യനയം വരുംതലമുറയെ ഒന്നാകെ നശിപ്പിക്കും. കേരളത്തിൽ ക്രമസമാധാനനില തകർന്നതുമൂലം പോലീസ് അതിക്രമം വർധിച്ചു. കേന്ദ്രസർക്കാരിന്റെ കശാപ്പുനയം ജനാധിപത്യരാജ്യത്ത് അംഗീകരിക്കാനാവില്ല. ജനങ്ങൾ എന്തു ഭക്ഷണം കഴിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശത്തെവരെ ഇവർ ചോദ്യം ചെയ്യുന്നു. ഇത്തരം ഫാസിസ്റ്റ് അജണ്ടയെ ചെറുക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
യുഡിഎഫ് ചെയർമാൻ എ. ഇർഷാദ് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി സി.ആർ. ജയപ്രകാശ്, ജനതാദൾ-യു സംസ്ഥാന ജനറൽ സെക്രട്ടറി ഷേക്ക് പി. ഹാരിസ്, കെപിസിസി ട്രഷറർ ജോണ്സണ് ഏബ്രഹാം, പി.എസ്. ബാബുരാജ്, ജെ. മുഹമ്മദ്കുഞ്ഞ്, എ. നിസാർ, വേലഞ്ചിറ സുകുമാരൻ, എസ്. രാജേന്ദ്രൻ, ശ്രീജിത്ത് പത്തിയൂർ, ഇ. സമീർ, എൻ. രവി, യു. മുഹമ്മദ്, എ.ജെ. ഷാജഹാൻ, എം. വിജയമോഹൻ, കെ.എസ്. ജീവൻ, കെ. പുഷ്പദാസ്, അലക്സ് മാത്യു, ഗായത്രി തന്പാൻ, പി. ശിവപ്രിയൻ, ഗീതാ ഗോപാലകൃഷ്ണൻ, പി.സി. റഞ്ചി, എസ്. അബ്ദുൾ നാസർ, പി.ആർ. നാഗ് തുടങ്ങിയവർ പ്രസംഗിച്ചു.