കൊച്ചി: പൊളിച്ചുനീക്കാൻ സുപ്രീംകോടതി ഉത്തരവിട്ട മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങൾ സന്ദർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫ്ളാറ്റ് ഉടമകൾക്കു ഐക്യദാർഢ്യം പ്രഖ്യാപിക്കാനെത്തിയ നേതാക്കൾക്കു മുന്നിൽ നിറകണ്ണുകളോടെ സ്ത്രീകൾ ഉൾപ്പെടെയുള്ള ഫ്ളാറ്റിലെ അംഗങ്ങൾ തങ്ങളുടെ ദയനീയാവസ്ഥ വ്യക്തമാക്കി. ഞങ്ങൾ തെറ്റ് ചെയ്തിട്ടില്ല, പിന്നെ എന്തിന് ഞങ്ങളെ ശിക്ഷിക്കുന്നു എന്നായിരുന്നു നിറകണ്ണുകളോടെ ഫ്ളാറ്റിലെ സ്ത്രീകൾ പ്രതിപക്ഷ നേതാവിനോട് ആരാഞ്ഞത്.
ലോണെടുത്തും സ്വന്തം കിടപ്പാടങ്ങൾ വിറ്റും ഫ്ളാറ്റുകൾ സ്വന്തമാക്കിയവർ നിരവധിയാണ്. ചില ഫ്ളാറ്റുകളിൽ സ്ത്രീകളും കുട്ടികളും മാത്രം താമസിക്കുന്നുണ്ട്. മറ്റിടങ്ങളിൽ സ്വന്തമായി വീടില്ലാത്തവരും നിരവധിയാണ്. ഇവരെല്ലാം എങ്ങോട്ട് പോകുമെന്നാണു സ്ത്രീകൾ പ്രതിപക്ഷ നേതാവിനോട് ആരാഞ്ഞത്.
ഇന്നു രാവിലെ എട്ടരയോടെയാണു പ്രതിപക്ഷ നേതാവ് മരടിലെത്തി ഫ്ളാറ്റുകൾ സന്ദർശിച്ചത്. ഹൈബി ഈഡൻ എംപി, ഡിസിസി പ്രസിഡന്റ് ടി.ജെ. വിനോദ്, നേതാക്കളായ കെ.വി. തോമസ്, കെ. ബാബു, ടോണി ചമ്മണി തുടങ്ങിയവരും അദേഹത്തിനൊപ്പമുണ്ടായിരുന്നു.
ഉടമകളോട് വിവരങ്ങൾ ആരാഞ്ഞ രമേശ് ചെന്നിത്തല പ്രതിപക്ഷത്തിന്റെ എല്ലാ പിന്തുണയും സഹായവും വാഗ്ദാനം ചെയ്തു. വിഷയത്തിൽ സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന പിന്നീട് അദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. സർക്കാർ ഇരയ്ക്കൊപ്പമാണോ വേട്ടക്കാർക്കൊപ്പമാണോയെന്ന് വ്യക്തമാക്കണം.
സർക്കാരിന്റെ ഭാഗത്തുനിന്ന് കുറ്റകരമായ അലംഭാവമാണ് ഉണ്ടായിരിക്കുന്നത്. കോടതിയിൽ സത്യവാങ്മൂലം നൽകാതെ പൊളിച്ചുനീക്കാമെന്നാണു സർക്കാർ അറിയിച്ചത്. ഫ്ളാറ്റ് ഉടമകളുടെ ഭാഗം കേൾക്കണമെന്ന് കോടതി പറഞ്ഞിരുന്നെങ്കിലും അത് ചെയ്യാതെ കോടതിയിൽ റിപ്പോർട്ട് നൽകിയ സ്ഥിതിയാണുണ്ടായത്.
ഈ നടപടികൾ ഉൾപ്പെടെ സർക്കാർ പുനപരിശോധിക്കണം. മുഖ്യമന്ത്രി വിഷയത്തിൽ അടിയന്തിരമായി ഇടപെടണം. പൊളിക്കൽ നടപടികൾ നടത്താൻ സർക്കാർ തലത്തിൽനിന്നും നിർദേശങ്ങൾ ലഭിച്ചാൽ നഗരസഭ അധികൃതർ എന്ത് ചെയ്യാനാണ്. വിഷയത്തിന്റെ ഗൗരവം മനസിലാക്കി സംസ്ഥാനത്തെ 20 എംപിമാരും ചേർന്ന് പ്രധാനമന്ത്രിക്ക് നിവേദനം നൽകുമെന്നും അദേഹം കൂട്ടിച്ചേർത്തു.