കൊല്ലം: ഇടതുപക്ഷ സര്‍ക്കാര്‍ മത്സ്യമേഖലയെയും കടലിനെയും ഒരുവന്‍കിട അമേരിക്കന്‍ കമ്പനിക്ക് തീറെഴുതി നല്‍കാനുള്ള കരാറില്‍ ഒപ്പുവച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഇഎംസിസി ഇന്റര്‍ നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന അമേരിക്ക ആസ്ഥാനമായുള്ള ബഹു രാഷ്ട്രകമ്പനിക്കാണ് കേരള സമുദ്രത്തിലെ ആഴക്കടല്‍ മത്സ്യബന്ധനത്തിന് കരാര്‍ ഒപ്പിട്ടിട്ടുള്ളത്.
കരാർ നടപ്പാക്കുന്നതോടെ കേരളത്തിലെ മത്സ്യതൊഴിലാളികൾ പട്ടിണിയിലാകും. അവർക്ക് മത്സ്യം ലഭിക്കാതാകുമെന്നും ചെന്നിത്തല പറഞ്ഞു.
അയ്യായിരം കോടി രൂപയുടെ കരാറാണ് ഞായറാഴ്ച ഒപ്പിട്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കൊച്ചിയില്‍ നടന്ന ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റ് എന്ന അസന്റ് 2020 ല്‍ വച്ചാണ് ഇതിന്റെ ധാരണാപത്രം ഒപ്പിട്ടത്.
ഇതനുസരിച്ചുള്ള അനുബന്ധകരാറുകളില്‍ കേരള സര്‍ക്കാരും ഇഎംസിസി ഇന്റര്‍നാഷണലും തമ്മില്‍ കഴിഞ്ഞ ആഴ്ച ഒപ്പിട്ടു.
വന്‍കിട കുത്തക കമ്പനികള്‍ക്ക് കേരളതീരം തുറന്നു കൊടുക്കാന്‍ തീരുമാനിച്ചതിന്റെ പിന്നില്‍ വന്‍ അഴിമതിയാണ് നടന്നിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
2018ൽ മന്ത്രി മേഴ്സിക്കുട്ടിയമ്മയാണ് ന്യൂയോർക്കിൽവച്ച് കമ്പനിയുമായി ഇത് സംബന്ധിച്ച് ചർച്ചനടത്തിയത്.
കമ്പനിക്ക് പത്തുലക്ഷം രൂപ മാത്രമാണ് മൂലധനം. രണ്ടുവര്‍ഷം മുമ്പ് രൂപീകരിച്ച കമ്പനിയാണിതെന്നും ചെന്നിത്തല പറഞ്ഞു.
സ്പ്രിങ്ക്ലറിനെയും ഇമൊബിലിറ്റിയെക്കാളും വലിയ അഴിമതിയാണെന്നും ചെന്നിത്തല പറഞ്ഞു. കരാറിന് മുമ്പ് ആഗോള ടെൻഡർ വിളിച്ചില്ല.
പ്രതിപക്ഷ പാര്‍ട്ടികളുമായോ മത്സ്യബന്ധനമേഖലയിലെ സംഘടനകളുമായോ ആലോചിക്കാതെയാണ് വിദേശ കപ്പലുകളെ തീരത്തേയ്ക്ക് കൊണ്ടുവരാനുള്ള അത്യന്തം അപകടകരമായ നീക്കം സര്‍ക്കാര്‍ നടത്തിയതെന്നും ഇതിനു പിന്നില്‍ വന്‍ഗൂഢാലോചന നടന്നിട്ടുണ്ടെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
എന്നാൽ, ആരോപണത്തെ കുറിച്ച് ധാരണയില്ലെന്ന് മന്ത്രി ജെ.മെഴ്സിക്കുട്ടിയമ്മ പ്രതികരിച്ചു. ഫിഷറീസ് വകുപ്പ് ചര്‍ച്ച ചെയ്തിട്ടുമില്ലെന്നും മന്ത്രി വ്യക്തമാക്കി.
ചെന്നിത്തലയുടെ മനോനില തെറ്റി; ആരോപണം ഇല്ലാത്ത കരാറിനെ ചൊല്ലിയെന്ന് മേഴ്സിക്കുട്ടിയമ്മ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാനസിക നില തെറ്റിയ നിലയിലെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ. കേരള തീരത്ത് മീൻപിടിക്കാൻ അമേരിക്കൻ കമ്പനിക്ക് അനുമതി നൽകിയെന്നും ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകിയത് മന്ത്രി മേഴ്സിക്കുട്ടിയാണെന്നുമുള്ള ചെന്നിത്തലയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണം തികച്ചും അസംബന്ധമാണെന്ന് മന്ത്രി പറഞ്ഞു.
ഇല്ലാത്ത കരാറിനെ ചൊല്ലിയാണ് ചെന്നിത്തല ആരോപണം ഉന്നയിക്കുന്നത്. ഒരു കരാറിലും ഏർപെട്ടിട്ടില്ലെന്നും ഫിഷറീസ് മന്ത്രി പ്രതികരിച്ചു.
വ്യവസായ വകുപ്പ് കരാർ ഒപ്പിട്ടോയെന്നത് പ്രശ്നമല്ല. ഉൾക്കടൽ മത്സ്യബന്ധനത്തിന് അനുമതി നൽകേണ്ടത് ഫിഷറീസ് വകുപ്പാണെന്നും മന്ത്രി പറഞ്ഞു.
ലൈസൻസ് നൽകേണ്ടത് ഫിഷറീസ് വകുപ്പാണ്. അപേക്ഷ കിട്ടിയിട്ടില്ല, ലൈസൻസ് നൽകിയിട്ടില്ലെന്നും മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി.
കരാറിൽ തനിക്ക് ഉത്തരവാദിത്തമില്ലെന്ന് മന്ത്രി പറഞ്ഞു. അസന്റ് കേരളയിൽ എന്ത് ചർച്ചയ്ക്ക് വന്നുവെന്ന് അറിയില്ല. വിദേശ ട്രോളറുകൾക്ക് അനുമതി നൽകിയില്ല.
അമേരിക്കയിൽ പോയത് യുഎൻ പരിപാടിയിൽ പങ്കെടുക്കാനെന്നും മന്ത്രി കൂട്ടിച്ചേർത്തു.