കൊച്ചി: സംസ്ഥാനത്ത് സിപിഎം നാല് ലക്ഷത്തോളം വ്യാജ വോട്ടര്‍മാരെ ചേര്‍ത്തതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമമാണു നടക്കുന്നതെന്നും വോട്ടര്‍പട്ടിക സുതാര്യമാക്കണമെന്ന് ആവശ്യപ്പെട്ട് എഐസിസി സംഘം ഇന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അദേഹം കൊച്ചിയില്‍ പറഞ്ഞു. കള്ളവോട്ട് തടയലാണു അടുത്ത ലക്ഷ്യം.
കേരളം ഉറങ്ങുമ്പോള്‍ താന്‍ ഉണര്ന്നിരിക്കുകയായിരുന്നുവെന്നും പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ തനിക്കുണ്ടെന്നും അദേഹം പറഞ്ഞു. ആസൂത്രിതമായ സൈബര്‍ ആക്രമണം തങ്ങളുടെ ശൈലിയല്ല.
സര്‍ക്കാരിനെതിരേ എന്തെങ്കിലും ആരോപണം ഉന്നയിച്ചാല്‍ സിപിഎം സൈബര്‍ ഗുണ്ടകളെ ഉപയോഗിച്ച് ആക്രമണം നടത്തുകയാണ്.
കാശ് കൊടുത്ത ആളെ നിയമിച്ചാല്‍ തങ്ങള്‍ക്കും സൈബര്‍ ആക്രമണം നടത്താം.
നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഒറ്റകെട്ടായാണു രംഗത്തിറങ്ങിയിട്ടുള്ളത്.
എഐസിസി നടത്തിയത് സര്‍വേയല്ല, പഠനമാണ്. അതിന്റെ സടിസ്ഥാനത്തില്‍ മാത്രമല്ല സ്ഥാനാര്‍ഥി പ്രഖ്യാപനം.
ഘടകകക്ഷികളുടെ പൂര്‍ണ പിന്തുണയും തനിക്ക് ലഭിക്കുന്നുണ്ട്. ഉമ്മന്‍ചാണ്ടി നേതൃ സ്ഥാനത്തേയ്ക്കു വന്നതില്‍ സന്തോഷമുണ്ട്.
കോണ്‍ഗ്രസില്‍ ഹൈക്കമാന്‍ഡാണു മുഖ്യമന്ത്രിയെ തീരുമാനിക്കുക. തെരഞ്ഞെടുപ്പിനുശേഷമായിരിക്കും അത്.
ഹൈക്കമാന്‍ഡ് ആരെ മുഖ്യമന്ത്രിയായി തീരുമാനിച്ചാലും അംഗീകരിക്കും. യുഡിഎഫ് തിരികെ വരണമെന്നത് മാത്രമാണ് ഇപ്പോള്‍ തന്റെ ലക്ഷ്യം. ചാനലുകളുടെ റേറ്റിംഗല്ല, ജനങ്ങളുടെ റേറ്റിങ്ങാണു വലുത്.
സര്‍ക്കാരിനെതിരേയുള്ള വിഷയങ്ങളുടെ ബാഹൃല്യമാണു സംസ്ഥാനത്തുള്ളത്. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ മുഖ്യമന്ത്രി ആദ്യ സമയങ്ങളില്‍ നിഷേധിച്ചിട്ടുണ്ട്.
എന്നാല്‍, പിന്നീട് ഈ തീരുമാനങ്ങളില്‍നിന്നെല്ലാം സര്‍ക്കാരിന് പിന്മാറേണ്ടിവന്നു. തങ്ങളുടെ വരുതിയില്‍ നില്‍ക്കാത്ത സമുദായ, മത നേതാക്കളെ ഭീഷണിപ്പെടുത്തുന്നതു മുഖ്യമന്ത്രിയുടെ സ്ഥിരം പരിപാടിയാണ്.
ബിഷപ്പിനെതിരേ നികൃഷ്ട ജീവി പ്രയോഗം നടത്തിയതു ജനം മറന്നിട്ടില്ല. സമുദായങ്ങള്‍ തമ്മില്‍ അകല്‍ച്ചയുണ്ടാക്കിയത് സിപിഎമ്മാണ്.
ഈ അകല്‍ച്ച ഇന്നും നിലനില്ക്കുന്നു. മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്നയാള് വര്‍ഗീയ ധ്രുവീകരണം നടത്താന്‍ ശ്രമിക്കുന്നതു നന്നല്ല.
അദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍പോലും അത്തരത്തിലുള്ളതാണ്. നേമത്ത് യുഡിഎഫ് ജയിക്കും. കെ. മുരളീധരന് വിജയിച്ച് എംഎല്‍എയായി വരും.
നേമത്ത് ബിജെപിയെ തടയാന്‍ കോണ്‍ഗ്രസിനേ കഴിയൂ. അദ്ദേഹത്തോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അദേഹം തയാറാവുകയായിരുന്നു. ജയിച്ചുവന്നാൽ മുരളിക്ക് അര്‍ഹമായ സ്ഥാനമുണ്ടാകുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.