തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷ എംഎൽഎമാരോട് സ്പീക്കർ അസഹിഷ്ണുത കാട്ടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിമാർക്കും ഭരണപക്ഷ എംഎൽഎമാർക്കും ചോദ്യം ചോദിക്കാനും മറുപടി പറയാനും ധാരാളം സമയം സ്പീക്കർ അനുവദിക്കുന്നുണ്ട്.
എന്നാൽ പ്രതിപക്ഷ എംഎൽഎമാർ ചോദ്യങ്ങൾ ഉന്നയിക്കുന്പോൾ അദ്ദേഹം അസഹിഷ്ണുത പ്രകടിപ്പിച്ചുകൊണ്ട് സമയം അനുവദിക്കാതെ ഇടപെടുകയാണെന്ന് ചെന്നിത്തല സഭയിൽ ആരോപിച്ചു. പെട്രോൾ-ഡീസൽ വിലവർധനവ് സംബന്ധിച്ച് താൻ നടത്തിയ അഭിപ്രായ പ്രകടനത്തിൽ സ്പീക്കർ ഇടപെട്ടതാണ് പ്രതിപക്ഷ നേതാവിനെ ചൊടിപ്പിച്ചത്.
പെട്രോളിന്റെയും ഡീസലിന്റെയും വില വർധിക്കുന്പോൾ സംസ്ഥാനത്തിന് ലഭിക്കേണ്ട നികുതി ഒഴിവാക്കാൻ നടപടിയെടുക്കണമെന്നും മുൻപ് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് വില വർധനവുണ്ടായ സമയങ്ങളിൽ സംസ്ഥാനത്തിന് ലഭിക്കേണ്ട നികുതി വേണ്ടെന്ന് വച്ച കാര്യവും പ്രതിപക്ഷ നേതാവ് സഭയെ ഓർമിപ്പിച്ചു.