കൊച്ചി: ഇരട്ടവോട്ടുകള്‍ ഒഴിവാക്കാനും ഒന്നിലേറെ വോട്ടു ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാലു നിര്‍ദേശങ്ങള്‍ സത്യവാങ്മൂലത്തിൽ ഹൈക്കോടതിക്കു നല്കി.
ഒന്ന്: ഒന്നിലേറെ വോട്ടുള്ളവരെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ സന്ദര്‍ശിച്ച് എവിടെ വോട്ട് ചെയ്യുമെന്ന വിവരം രേഖാമൂലം വാങ്ങണം.
ഇവര്‍ വോട്ട് ചെയ്യുന്ന ബൂത്തിലെയും ഇവർക്ക് വോട്ടുള്ള മറ്റു ബൂത്തുകളിലെയും പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും ഈ പട്ടിക നല്‍കണം.
രണ്ട്: വോട്ട് ചെയ്യാനെത്തുമ്പോള്‍ ഇവരുടെ വിരലില്‍ മഷി തേച്ചശേഷം ഫോട്ടോ എടുക്കണം. സത്യവാങ്മൂലവും വാങ്ങണം.
മൂന്ന്: നിയമസഭാ മണ്ഡലത്തിന്റെ നമ്പര്‍, പാര്‍ട്ട് നമ്പര്‍, സീരിയല്‍ നമ്പര്‍ എന്നിവ ചേര്‍ത്ത് പത്തക്കമുള്ള ഐഡന്റിഫിക്കേഷന്‍ നമ്പറിട്ട് ഈ ഫോട്ടോ ടാഗ് ചയ്യണം. പോളിംഗ് കഴിഞ്ഞാലുടന്‍ ഇവ തെരഞ്ഞെടുപ്പു കമ്മീഷനു കൈമാറണം.
നാല്: തെരഞ്ഞെടുപ്പിനുശേഷം ഇരട്ടവോട്ടു നടന്നിട്ടില്ലെന്ന് ഉറപ്പാക്കാന്‍ ഈ ഫോട്ടോകള്‍ കമ്മീഷന്റെ പക്കലുള്ള വോട്ടര്‍മാരുടെ ഫോട്ടോകളുമായി സോഫ്റ്റ്വേറിന്റെ സഹായത്തോടെ പരിശോധിക്കണം.
ഇരട്ടവോട്ട് 38,856 മാത്രമെന്നു കമ്മീഷന്
കൊച്ചി: സംസ്ഥാനത്തെ വോട്ടര്‍പട്ടികയില്‍ 3.17 ലക്ഷം ഇരട്ടവോട്ടുകളുണ്ടെന്നു ചൂണ്ടിക്കാട്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ പരാതി നല്‍കിയെങ്കിലും ഇന്നലെവരെ നടത്തിയ പരിശോധനയില്‍ 38,856 പേരുകൾ മാത്രമാണു കണ്ടെത്തിയതെന്നു തെരഞ്ഞെടുപ്പു കമ്മീഷന് ഹൈക്കോടതിയെ അറിയിച്ചു.
ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി പി. ചാലി എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ഹര്‍ജി ഇന്നു വിധി പറയാന്‍ മാറ്റി.
ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വസ്തുതകള്‍ ഉറപ്പാക്കിയശേഷം സ്ഥലത്തില്ലാത്തവരുടെയും മാറിപ്പോയവരുടെയും പട്ടികയിലേക്ക് അടയാളപ്പെടുത്തുമെന്നും ഈ പട്ടിക പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കു കൈമാറുമെന്നും തെരഞ്ഞെടുപ്പു കമ്മീഷന് നല്കിയ വിശദീകരണ പത്രികയില്‍ പറയുന്നു.
ഇരട്ടവോട്ടുകള്‍ പട്ടികയില്‍നിന്നു നീക്കാന്‍ കമ്മീഷനു നടപടിക്രമങ്ങളുണ്ട്. പത്രിക നല്‍കേണ്ട അവസാന തീയതി വരെ പട്ടികയില്‍ പേരു ചേര്‍ക്കുകയോ ഒഴിവാക്കുകയോ ചെയ്യാം.
കേരളത്തില്‍ പത്രിക നല്‍കേണ്ട അവസാന തീയതി മാര്‍ച്ച് 19 നായിരുന്നു. വോട്ടര്‍പട്ടികയില്‍ ഇനി മാറ്റം വരുത്താനാവില്ല.
കള്ളവോട്ടും ഇരട്ടവോട്ടും തടയാന്‍ ഒന്നിലേറെത്തവണ പേരു ചേര്‍ത്തവരുടെ പേരുകള്‍ ഉള്‍പ്പെടുത്തി പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കു ലിസ്റ്റ് നല്‍കുമെന്നും കമ്മീഷൻ അറിയിച്ചു.