കൊച്ചി: കേരളത്തിൽ ഇടതുമുന്നണി കലഹമുന്നണിയായി മാറിയെന്നും മുഖ്യമന്ത്രി പിണറായി വിജയന് താത്പര്യം വിദേശ മാധ്യമങ്ങളോടാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയ്ക്കു കേരളത്തിലെ മാധ്യമപ്രവർത്തകരെ വിശ്വാസമില്ല. തീർത്തും അസഹിഷ്ണുതയോടെയാണ് അദ്ദേഹം മാധ്യമങ്ങളോട് പെരുമാറുന്നത്.
വിദേശ മാധ്യമപ്രവർത്തകരെവച്ച് കാര്യങ്ങൾ ചെയ്യാമെന്നാണ് അദ്ദേഹം കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. പടയൊരുക്കം ജാഥയുമായി ബന്ധപ്പെട്ട് കൊച്ചിയിൽ എത്തിയ പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.പരസ്പര വിശ്വാസമില്ലാത്ത തരത്തിലാണ് എൽഡിഎഫിലെ പാർട്ടികൾ തമ്മിൽ പ്രവർത്തിക്കുന്നത്്. സംസ്ഥാനത്ത് തുടരുന്ന സിപിഎം-സിപിഐ തർക്കം ഭരണത്തെ ബാധിച്ചു. മന്ത്രിമാർക്ക് മുഖ്യമന്ത്രിയിലും തിരിച്ച് അദ്ദേഹത്തിനും വിശ്വാസമില്ല.
ഭൂമി കൈയേറ്റത്തിൽ തോമസ് ചാണ്ടിയുടെ കാര്യത്തിൽ എടുത്ത നിലപാട് ജോയ്സ് ജോർജ് എംപിയുടെ കാര്യത്തിലും എടുക്കണം. ഈ വിഷയത്തിൽ സിപിഐ ഇരട്ടത്താപ്പ് കാട്ടരുത്. അനുമതികളൊന്നും ഇല്ലാതെ പാർക്ക് സ്ഥാപിച്ച പി.വി. അൻവർ എംഎൽഎയ്ക്കെതിരെയും കേസെടുത്ത് അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ട്രഷറികളുടെ പ്രവർത്തനം നിലച്ച നിലയിലാണ്.
എല്ലാ സോഫ്റ്റ്വെയറുകളും തകരാറിലാണെന്നു പറഞ്ഞ് സാന്പത്തിക ഇടപാടുകൾ ഒന്നും നടക്കാത്ത അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രതിപക്ഷ നേതാവ് നയിക്കുന്ന പടയൊരുക്കം ജാഥയുടെ രണ്ടാം ദിവസമായ ഇന്ന് തൃപ്പൂണിത്തുറയിലാണ് ആദ്യ സ്വീകരണം ഒരുക്കിയിട്ടുള്ളത്. തുടർന്ന് പിറവത്തെത്തിച്ചേരും.
മൂന്നിനു പട്ടിമറ്റത്തും നാലിനു പെരുന്പാവൂരിലുമെത്തുന്ന ജാഥ അഞ്ചിനു മൂവാറ്റുപുഴയിൽ സമാപിക്കും. നാളെ ജാഥയില്ല. 20ന് ജില്ലയുടെ കിഴക്കൻ അതിർത്തിയായ കോതമംഗലത്ത് ആദ്യ സ്വീകരണം. തുടർന്ന് ഇടുക്കി ജില്ലയിലേക്കു പ്രവേശിക്കും.