കോഴിക്കോട്: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫ് പടയൊരുക്കം ജാഥ കോഴിക്കോട്ടെത്തി. ഇന്ന് ഉച്ചയ്ക്ക് 12 -ന് അടിവാരത്ത് ജാഥയ്ക്ക് സ്വീകരണം നൽകും.
നിലവിൽ ഗെയിൽ വിഷയം ആളികത്തികൊണ്ടിരിക്കുന്ന മുക്കത്ത് ജാഥ എത്തുന്നതോടെ പ്രവർത്തകർ ആവേശത്തിലാകും. ഇവിടെ പ്രതിപക്ഷ നേതാവ് വാർത്താസമ്മേളം നടത്തും എന്നാണ് അറിയിച്ചിരിക്കുന്നത്. സമരക്കാർക്കൊപ്പം നിന്ന് മുഖ്യമന്ത്രിയുടെ നിലപാടുകൾക്കെതിരേ ശക്തമായ പ്രതിഷേധം ഉയർത്തികൊണ്ടുവരിക എന്ന തന്ത്രമായിരിക്കും യുഡിഎഫ് ഇവിടെ സ്വീകരിക്കുക.
നാലിനു താമരശേരിയിലും അഞ്ചിന് കുന്ദമംഗലത്തും സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തിന് ശേഷം ആറിന് ബാലുശേരിയിൽ സമാപിക്കും. അതോടെ ഇന്നത്തെ പരിപാടികൾ സമാപിക്കും. നാളെ രാവിലെ 10 -ന് പേരാന്പ്രയിലും 11 -ന് കുറ്റ്യാടിയിലും മൂന്നിന് നാദാപുരത്തും നാലിന് വടകരയിലും നടക്കുന്ന പൊതുയോഗത്തിനു ശേഷം ആറിന് കൊയിലാണ്ടിയിലെ പൊതുയോഗത്തോടെ സമാപിക്കും.
എട്ടിന് വൈകുന്നേരം അഞ്ചരയ്ക്ക് കോഴിക്കോട് കടപ്പുറത്ത് പൊതുസമ്മേളനം നടക്കും. പൊതുസമ്മേളനത്തിന്റെ മുന്നോടിയായി മലബാർ ക്രിസ്ത്യൻ കോളജ് പരിസരത്തു നിന്നും വൈകിട്ട് നാലോടെ റാലി സംഘടിപ്പിക്കും. 50,000 പേർ റാലിയിൽ അണിനിരക്കും. കോഴിക്കോട് കടപ്പുറത്ത് സ്വീകരണ പരിപാടി മുസ്ലീംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങൾ ഉദ്ഘാടനം ചെയ്യും.
മുൻകേന്ദ്രമന്ത്രി പി.ചിദംബരം, എന്നിവർ പങ്കെടുക്കും. ജില്ലയിലെ എല്ലായിടത്തും പടയൊരുക്കത്തെ വരവേൽക്കാൻ വൻ ഒരുക്കങ്ങളാണ് പ്രവർത്തകർ സ്വീകരിച്ചത്. വിളംബര ജാഥകളും അനൗണ്സ്മെന്റുകളും കൊടിതോരണങ്ങളും ബാനറുകളും പോസ്റ്ററുകളും പ്രചാരണത്തിന് കൊഴുപ്പേകി. ബൂത്ത് തലങ്ങളിൽ ഒരു കോടി ഒപ്പു ശേഖരണത്തിന്റെ ഭാഗമായുള്ള സിഗ്നേച്ചർ ക്യാന്പയിന് വലിയ പ്രതികരണമാണ് ജനങ്ങളിൽ നിന്ന് ലഭിച്ചതെന്ന് സംഘാടകർ അറിയിച്ചത്.