ഏങ്ങണ്ടിയൂർ: പ്രളയം മനുഷ്യസൃഷ്ടിയെന്ന് പറയുന്നവർക്ക് മനോരോഗമാണെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ തലയാണ് യഥാർത്ഥത്തിൽ പരിശോധിക്കേണ്ടതെന്നും അല്ലാതെ ജനങ്ങളുടെ തലയല്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏത്തായ് സെന്ററിൽ ഇന്ന് രാവിലെ 11.30ന് യുഡിഎഫ് സ്ഥാനാർഥി ടി .എൻ .പ്രതാപന്റെ തെരഞ്ഞെടുപ്പ് പ്രചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമല അയ്യപ്പന്റെ പേരിൽ വോട്ട് തേടുന്ന ബി ജെ പി സ്വയം അപഹാസ്യരാവുകയാണ്. ശബരിമല പ്രവേശനത്തെ സംബന്ധിച്ച് സുപ്രീം കോടതി വിധിക്കെതിരെ മോദി എന്തുകൊണ്ട് ഓർഡിനൻസ് കൊണ്ടുവന്നില്ലെന്ന് ചെന്നിത്തല ചോദിച്ചു. മോദിയും ബി ജെ പിയും ആർ എസ് എസും സംഘപരിവാറും തകർത്ത ഇന്ത്യയെ വീണ്ടെടുക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം -ചെന്നിത്തല പറഞ്ഞു.
കേരളത്തിൽ ഇടതുപക്ഷത്തെ വിജയിപ്പിക്കേണ്ട ബാധ്യത യു സി എഫിനില്ല. കേരളത്തിൽ യു ഡി എഫിന്റെ ശ ത്രു എൽ ഡി എഫാണ് – അദ്ദേഹം വ്യക്തമാക്കി. ആർ.എം.സാദിഖ് അധ്യക്ഷനായിരുന്നു.
ശൂരനാട് രാജശേഖരൻ, ജോസഫ് ചാലിശേരി, ഡിസിസി വൈസ് പ്രസിഡന്റ് ജോസ് വള്ളൂർ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച്.റഷീദ്, ജില്ലാ വൈസ് പ്രസിഡന്റ് ഹാറൂണ്‍ റഷീദ്, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഫ്സൽ, കെപിസിസി മെന്പർ സി.ഐ.സെബാസ്റ്റ്യൻ, സുനിൽ അന്തിക്കാട്, യു.കെ.പീതാീബരൻ, അഡ്വ. ഷാജി കോടങ്കണ്ടത്ത് , മനോജ് തച്ചപ്പിള്ളി, ഇർഷാദ് കെ .ചേറ്റുവ, ഉണ്ണികൃഷ്ണൻ കാര്യാട്ട് എന്നിവർ പ്രസംഗിച്ചു.