ചാലക്കുടി: പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്കും വ്യാപാരികൾക്കും കൃഷിക്കാർക്കും ഇതുവരെ സർക്കാർ ധനസഹായങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ചാലക്കുടിയിൽ പ്രളയബാധിതരുടെ പരാതികൾ സ്വീകരിക്കാൻ എത്തിയതായിരുന്നു അദ്ദേഹം.
വാസയോഗ്യമല്ലാത്ത വീടുകളുടെ കണക്കെടുത്തതിൽ അപാകതയുണ്ടെന്നും വ്യാപാരികളുടെ മാനനഷ്ടങ്ങൾ സംബന്ധിച്ച് കണക്കെടുപ്പ് പോലും നടത്തിയിട്ടില്ലെന്നും കന്നുകാലികളെ നഷ്ടപ്പെട്ടവർക്ക് ഒരു സഹായവും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കോളജുകൾ, സ്കൂളുകൾ തുടങ്ങിയ സ്ഥാപനങ്ങൾ ഉൾപ്പെടെ സഹായം കിട്ടാത്തവരുടെ നീണ്ടപട്ടികയാണ്. യഥാർഥകൃഷിനാശം സംബന്ധിച്ച് കണക്കെടുപ്പ് നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പരാതികൾ അധികൃത സ്ഥാനങ്ങളിൽ എത്തിച്ച് പരിഹാരമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രളയത്തിൽ വീട് നഷ്ടപ്പെട്ട അറയ്ക്കൽ പുതുക്കാട്ടുകാരൻ അന്നത്തിന്റെ പരാതിയാണ് ആദ്യം സ്വീകരിച്ചത്. ഇവർ വിആർ പുരം ദുരിതാശ്വാസ ക്യാന്പിലാണ് താമസിക്കുന്നത്. വാഴച്ചാലിൽ പ്രളയത്തിൽ വീടുകൾ തകർന്ന 19 വീട്ടുകാരുടെ പരാതി ഊരുമൂപ്പത്തി വി.കെ. ഗീത രമേശ് ചെന്നിത്തലയ്ക്ക് കൈമാറി.
ആനക്കയത്ത് ഉരുൾപ്പൊട്ടലിൽ 23 വീടുകൾക്ക് തകരാർ സംഭവിച്ചതായും ഇവർക്ക് യാതൊരു സഹായവും ലഭിച്ചിട്ടില്ലെന്നും ഗീത രമേശ് ചെന്നിത്തലയോട് പറഞ്ഞു. പ്രളയത്തിൽ നൂറുകണക്കിന് വീട് തകർന്നവരും നാശനഷ്ടങ്ങൾ സംഭവിച്ചവരുമായി സ്ത്രീകളടക്കം നൂറുകണക്കിനാളുകളാണ് പരാതി നൽകാൻ ചാലക്കുടി എസ്എൻ ഹാളിൽ എത്തിയത്.