എം.സുരേഷ്ബാബു
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിഞ്ഞേക്കും. തെരഞ്ഞെടുപ്പിൽ ജയമായാലും പരാജയമായാലും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.
തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് കോണ്‍ഗ്രസിലെ തന്നെ മുതിർന്ന നേതാക്കൾ നേതൃത്വത്തിനെതിരെ പരസ്യമായും രഹസ്യമായും ഒളിയന്പുകൾ എയ്ത് തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് അദ്ദേഹം പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയാൻ ആലോചിക്കുന്നത്.
കോണ്‍ഗ്രസിലെ മുതിർന്ന നേതാക്കളോട് അദ്ദേഹം ഇതിനോടകം തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞാൽ പകരം തിരുവഞ്ചൂർ രാധാകൃഷ്ണനോ വി.ഡി.സതീശനൊ ആയിരിക്കും പകരം ആ സ്ഥാനത്തേക്ക് വരാൻ സാധ്യത.