തിരുവനന്തപുരം: സഹകരണ ഫെഡറേഷനുകളുടെ വായ്പ ഏറ്റെടുത്ത നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ പ്രതിപക്ഷം നിയമപരമായി നേരിടും. വായ്പ ഏറ്റെടുക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
റബ്കോ, റബർ മാർക്ക്, മാർക്കറ്റ് ഫെഡ് എന്നീ സഹകരണ സ്ഥാപനങ്ങൾക്ക് 306.75 കോടി രൂപ ജില്ലാ സഹകരണ ബാങ്കുകളിലും സംസ്ഥാന സഹകരണ ബാങ്കിലുമായി വായ്പാ കുടിശിക ഉണ്ടായിരുന്നു. ഈ തുകയാണ് സർക്കാർ അടച്ചുതീർത്തത്. വായ്പാ ബാധ്യത സർക്കാർ അടച്ചുതീർത്തതു വ്യക്തമായ ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണെന്നായിരുന്നു ആദ്യം സർക്കാരിന്റെ വാദം.
എന്നാൽ ഈ സ്ഥാപനങ്ങൾ തുക സർക്കാരിനു തിരിച്ചു നൽകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ തിരുത്തിയിരുന്നു. ഇതിനുള്ള കരാർ വ്യവസ്ഥകൾ സംബന്ധിച്ചു ചർച്ചകൾ നടന്നുവരികയാണെന്നും തിങ്കളാഴ്ച മന്ത്രി വ്യക്തമാക്കിയിരുന്നു.