വടകര: നാടിനു ഭീഷണിയായ അക്രമരാഷ്ട്രീയത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശാന്തിയാത്ര നടത്തി. സമാധാനത്തിനു വേണ്ടിയുള്ള കോണ്‍ഗ്രസ് സഹനസമരയാത്ര നാടിളക്കിയാണ് മുന്നേറിയത്. അക്രമങ്ങൾ അരങ്ങേറിയ തിരുവള്ളൂരിൽ നിന്ന് വടകരയിലേക്കു നടന്ന ശാന്തിയാത്രക്ക് വഴിയിലുടനീളം വരവേൽപ് ലഭിച്ചു. മുല്ലപ്പള്ളി രാമചന്ദ്രൻ എംപി, ഡിസിസി പ്രസിഡന്റ് ടി.സിദ്ദീഖ്, കെ.സി.അബു, എൻ.സുബ്രഹ്മണ്യൻ, കെ.പ്രവീണ്‍കുമാർ, ഐ.മൂസ, ബാബു ഒഞ്ചിയം, വി.എം.ചന്ദ്രൻ, പ്രമോദ് കക്കട്ടിൽ തുടങ്ങി നിരവധി നേതാക്കൾ അണിചേർന്നു.
പത്ത്കിലോമീറ്റർ നീണ്ട പദയാത്രയെ നൂറുകണക്കിനു പ്രവർത്തകരാണ് തൂവെള്ള വേഷവും തൊപ്പിയും അണിഞ്ഞ് അനുഗമിച്ചത്. ശാന്തിയാത്ര കോണ്‍ഗ്രസിനു പുത്തൻ ഉണർവേകി.താലൂക്കിലെ സമാധാനാന്തരീക്ഷം തകർക്കുന്ന വിധത്തിൽ സിപിഎമ്മും ബിജെപിയും നടത്തുന്ന അക്രമപ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നും ജനങ്ങളുടെ സ്വൈരജീവിതം ഉറപ്പു വരുത്തണമെന്നും ആവശ്യപ്പെട്ടാണ് രമേശ് ചെന്നിത്തല ശാന്തി യാത്ര നയിച്ചത്. യാത്രക്കു മുന്നോടിയായി തിരുവളളൂരിൽ ഡിസിസി പ്രസിഡന്റ് ടി.സിദ്ദീഖിന് അദ്ദേഹം പാർട്ടി പതാക കൈമാറി.
പോലീസ് ഭരണത്തിലെ വീഴ്ചയാണ് കോഴിക്കോട് ജില്ലയിൽ ഉൾപെടെ കേരളത്തിലെ അക്രമങ്ങൾക്കു കാരണമെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് അക്രമിച്ചവരെ എന്തുകൊണ്ട് പിടികൂടുന്നില്ലെന്ന് സർക്കാർ വ്യക്തമാക്കണം. പിണറായി വിജയൻ ഭരിക്കുന്പോൾ പ്രതികളെ പിടികൂടാൻ കഴിയുന്നില്ലെന്നത് സിപിഎമ്മിന് നാണക്കേടാണ്. സംഭവത്തിൽ ഇപ്പോഴും ദുരൂഹത നിലനിൽക്കുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു.സ്വാഗതസംഘം ചെയർമാൻ വി.എം.ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
മുല്ലപ്പള്ളി രാമചന്ദ്രൻ എംപി, കെപിസിസി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ, സെക്രട്ടറിമാരായ അഡ്വ. കെ.പ്രവീണ്‍കുമാർ, കെ.ജയന്ത്, മുൻ ഡിസിസി പ്രസിഡന്റ് കെ.സി.അബു, കഐസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി.അബ്ദുൽറഷീദ്, കടമേരി ബാലകൃഷ്ണൻ, ഐ. മൂസ, യു.രാജീവൻ, പ്രമോദ് കക്കട്ടിൽ, സത്യൻ കടിയങ്ങാട്, പി.കെ. രാഗേഷ്, വി.ടി.നിഹാൽ, സി.പി.വിശ്വനാഥൻ, മഠത്തിൽ ശ്രീധരൻ എന്നിവർ പ്രസംഗിച്ചു.
ഉച്ച തിരിഞ്ഞ് തിരുവള്ളൂരിൽ നിന്ന് ആരംഭിച്ച കാൽനടയാത്ര വൈകിട്ട് വടകരയിൽ സമാപിച്ചു. കോട്ടപ്പറന്പിൽ നടന്ന സമാപന സമ്മേളനം മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് സിദ്ദിഖ് അധ്യക്ഷത വഹിച്ചു. രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എംപി, കെ.സി.അബു, കെ.പ്രവീണ്‍ കുമാർ, അഡ്വ.സി.വത്സലൻ എന്നിവർ സംസാരിച്ചു.