കേളകം: കെ. സുധാകരൻ ജയിക്കുകയും യുപിഎ അധികാരത്തിൽ വരികയും ചെയ്താൽ സുധാകരൻ എംപി മാത്രമായിരിക്കില്ലെന്ന് രമേശ് ചെന്നിത്തല. കേളകത്ത് നടന്ന കോൺഗ്രസ് മണ്ഡലം തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രളയം മനുഷ്യ നിർമിതമാണെന്നു പറഞ്ഞവർക്ക് മാനസിക പ്രശ്നമാണെന്നു പറഞ്ഞ മുഖ്യമന്ത്രിയുടെ തല അടിയന്തരമായി പരിശോധിക്കണമെന്നും ഇങ്ങനെയൊരു സർക്കാർ നാടിനാപത്താണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സർക്കാർ തറക്കല്ലിട്ട പരിപാടികൾ ഉദ്ഘാടനം ചെയ്യുകയല്ലാതെ മൂന്നു വർഷത്തിനിടയ്ക്ക് എന്തു പരിപാടിയാണ് സർക്കാർ നടപ്പാക്കിയതെന്ന് പിണറായി പറയണം.
യുഡിഎഫിനും കോൺഗ്രസിനുമെതിരേ പറഞ്ഞാൽ രാഹുൽ ഗാന്ധി മറുപടി പറയില്ല. പക്ഷെ കേരളത്തിലെ കോൺഗ്രസുകാർ അതിന് തക്കതായ മറുപടി നൽകുമെന്നും ചെന്നിത്തല പറഞ്ഞു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സന്തോഷ് ജോസഫ് അധ്യക്ഷനായിരുന്നു. സണ്ണി ജോസഫ് എംഎൽഎ, വി.കെ. നാരായണൻ, തോമസ് വർഗീസ്, ജോർജ്കുട്ടി ഇരുമ്പുകുഴി, പി.സി.രാമകൃഷ്ണൻ, ലിസി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.