തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎമ്മിനും സർക്കാരിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസിലെ പ്രതികളിൽ ഒരാളെ പോലും അറസ്റ്റ് ചെയ്യാൻ ഇത്രയും ദിവസം കഴിഞ്ഞിട്ടും പോലീസിന് കഴിഞ്ഞിട്ടില്ല. പോലീസിന്റെ കള്ളക്കളിയാണ് ഇത് വ്യക്തമാക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. സിപിഎം ഡമ്മി പ്രതികളെ നൽകുന്നതുവരെ അറസ്റ്റ് ഉണ്ടാകില്ല എന്ന് വ്യക്തമാണെന്നും അദ്ദേഹം ആരോപിച്ചു.
ശുഹൈബിന്റെ കൊലപാതകത്തിന് മുൻപായി വിവിധ രാഷ്ട്രീയ കൊലപാതക കേസുകളിലെ 19 പ്രതികൾക്ക് കൂട്ടത്തോടെ പരോൾ നൽകിയത് സംശയാസ്പദമാണെന്ന് പറഞ്ഞ ചെന്നിത്തല ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയും പരോൾ ലഭിച്ചവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കി. ഇതിന്റെ രേഖകളും അദ്ദേഹം പുറത്തുവിട്ടു.
സിപിഎം ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്ന സംഘടനയല്ലെന്നും ഭീകര സംഘടകളുടെ അതേ മാതൃകയിലുള്ള പ്രാകൃത രീതിയിലെ കൊലപാതകങ്ങളും അക്രമങ്ങളുമാണ് അവർ കേരളത്തിൽ നടത്തുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി