കോട്ടയം: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപി വോട്ടുകള്‍ വര്‍ധിച്ചതും തൃശൂര്‍ മണ്ഡലത്തിലെ പരാജയവും കോണ്‍ഗ്രസ് പരിശോധിക്കുമെന്ന് രമേശ് ചെന്നിത്തല. പരാജയം സംബന്ധിച്ചു പഠനം നടത്താന്‍ അന്വേഷണ കമ്മീഷനെ നിയമിച്ചു തുടര്‍നടപടികള്‍ സ്വീകരിക്കും.
തൃശൂര്‍ കോണ്‍ഗ്രസിലുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കും. കെ. മുരളീധരനെ മുന്നില്‍ നിര്‍ത്തിയാണു പാര്‍ട്ടി മുന്നോട്ട് പോകുന്നത്. അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഗൗരവത്തോടെ കാണുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ചലച്ചിത്രതാരമായതും രണ്ടുതവണ തോറ്റയാളായതുമാണു തൃശൂരിൽ സുരേഷ് ഗോപി ഇത്തവണ വിജയിക്കാന്‍ ഇടയാക്കിയത്. സിപിഎം ജീര്‍ണാവസ്ഥയിലാണ്. ഇടതുപക്ഷത്തിനു തുടര്‍ഭരണം ലഭിച്ചത് അവര്‍ക്ക് തന്നെ വിനയായി.
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഘടകകക്ഷികള്‍ക്ക് സീറ്റ് നല്കുമ്പോള് അവരാണു സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത്. കോണ്‍ഗ്രസിന് അഭിപ്രായം പറയാകാനാകില്ല. വയനാട് സീറ്റില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുന്നതിനെ സര്‍വാത്മനാ സ്വാഗതം ചെയ്യുന്നു.
ഉപതെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ പ്രിയങ്കയെ സിപിഐ പിന്തുണയ്ക്കുമോയെന്നു വ്യക്തമാക്കണം. ഇന്ത്യ സഖ്യത്തിലുള്ള സിപിഐ പ്രിയങ്കയ്ക്കെതിരേ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ ഹിമാലയന്‍ മഠയത്തരമാണു കാണിക്കുന്നത്.
പ്രിയങ്കയുടെ വയനാട് മത്സരം യുഡിഎഫ് ആവേശത്തോടെ സ്വീകരിച്ചു. രാഹുല്‍ ഗാന്ധിക്കു ലഭിച്ച ഭൂരിപക്ഷം മറികടന്ന് നാല് ലക്ഷത്തില്‍പ്പരം വോട്ടുകള്‍ക്ക് പ്രിയങ്ക വിജയിക്കും. വടക്കേഇന്ത്യയില്‍ ബിജെപിയുമായി ഏറ്റുമുട്ടാന്‍ രാഹുല്‍ ഗാന്ധി റായ്ബറേലി ഒഴിയരുത്.
വര്‍ഗീയ ശക്തികള്‍ക്കെതിരേ പോരാടാന്‍ വടക്കേ ഇന്ത്യയില്‍ രാഹുല്‍ തുടരകയാണ് നല്ലത്. സംസ്ഥാന സര്‍ക്കാരിനെതിരേയുള്ള വികാരമാണു തെരഞ്ഞെടുപ്പില്‍ കണ്ടത്. സിപിഎം വോട്ട് ബിജെപിയിലേക്ക് പോയി. 56 ലക്ഷം പേര്‍ക്ക് സാമൂഹ്യസുരക്ഷ പെന്ഷന് ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.