കാസർഗോഡ്: നെൽവയൽ-നീർത്തട നിയമ ലംഘനം നടത്തിയ ഗതാഗതമന്ത്രി തോമസ് ചാണ്ടിയെ മുഖ്യമന്ത്രി പിണറായി വിജയനാണ് സംരക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടുപ്രതിയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കാസർഗോഡ് പ്രസ് ക്ലബിൽ മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയാണ് അദ്ദേഹത്തെ രക്ഷപെടുത്തുന്നത്. മന്ത്രിയുടെ പരാമർശത്തിനു അദ്ദേഹത്തെ മുഖ്യമന്ത്രി ശാസിക്കാൻ അദ്ദേഹമെന്താ കൊച്ചു കുട്ടിയാണോ. മന്ത്രി കേരള സമൂഹത്തെ വെല്ലുവിളിക്കുകയാണ്. പുറത്താക്കാൻ മുഖ്യമന്ത്രിക്ക് ആത്മാർഥതയുണ്ടോയെന്നും അദ്ദേഹം വെല്ലുവിളിച്ചു. മന്ത്രിയെ സംരക്ഷിക്കുന്നതുകൊണ്ട് തോമസ് ചാണ്ടി കേസിൽ മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വം വർധിക്കുകയാണ്.
മുഖ്യമന്ത്രി നടത്തിയിരിക്കുന്നതു ഒരിക്കലും അംഗീകരിക്കാനാകില്ല. ഇതു കേരള ജനതയോടുള്ള വെല്ലുവിളിയാണെന്നും ചെന്നിത്തല പറഞ്ഞു. താൻ വിജിലൻസിനു നൽകിയ ഒരു പരാതികളിേ·ലും ഒരു നടപടിയുമില്ല. സർക്കാരിന് ആവശ്യമുള്ള സ്ഥലങ്ങളിൽ പെട്ടെന്നൊരു നിയമോപദേശം.
താനുൾപ്പെടെ ആലപ്പുഴയിലെ മന്ത്രിയുടെ സ്ഥലം കണ്ടു ബോധ്യപ്പെട്ടതാണ്. ഒരിഞ്ചു ഭൂമി കയ്യേറിയിട്ടുണ്ടെങ്കിൽ രാജിവയ്ക്കുമെന്നു പറഞ്ഞ മന്ത്രിയുടേത് അധാർമികമായ നടപടിയാണ്. ഇടതുമുന്നണി കയ്യേറ്റക്കാരുടെയും സ്വർണ കള്ളക്കടത്തുകാരുടെയും കൂട്ടാളികളായി മാറി. അഴിമതിക്കെതിരെ പറഞ്ഞുനടന്നവർ അഴിമതിയുടെ ചെളിക്കുണ്ടിലായി.
ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതിയിൽ പ്രതിഷേധക്കാരോടുള്ള സർക്കാരിന്റെ സമീപനം നിഷേധാത്മകമാണ്.പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമം, മാധ്യമമർദനം ഇതൊന്നും വച്ചുപൊറുപ്പിക്കാനാവില്ല. തങ്ങൾ വികസനത്തിന് എതിരല്ലെന്നു പറഞ്ഞ ചെന്നിത്തല ജനങ്ങളെ യോജിപ്പിച്ച് കൊണ്ടുപോകുന്ന നടപടികളാണുണ്ടാകേണ്ടതെന്നും കൂട്ടിച്ചേർത്തു.