പാലക്കാട്: അധികാരം തലയ്ക്കു പിടിച്ചതിന്റെ അഹങ്കാരമാണ് ധനമന്ത്രി തോമസ് ഐസക്കിനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്ന പിഎസ്സി റാങ്ക് ഹോൾഡേഴ്സിനെ യുഡിഎഫാണ് ഇളക്കിവിടുന്നതെന്ന മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തോമസ് ഐസക്കിന് ഇപ്പോൾ സമരങ്ങളോട് പുച്ഛമാണ്. ഒരു കമ്യൂണിസ്റ്റ് മന്ത്രിയ്ക്ക് ചേർന്നതല്ല ഇത്. അധികാരത്തിന്റെ മത്ത് തലയ്ക്കുപിടിച്ചതിന്റെ ജൽപ്പനമാണ് ഇത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇതുതന്നെയാണ് പറയുന്നത്. ബുദ്ധിമുട്ടി പഠിച്ച് പിഎസ്സി റാങ്ക് ലിസ്റ്റിൽ കയറിയവർക്ക് ജോലിയില്ലെന്നും ചെന്നിത്തല പറഞ്ഞു.
സിപിഎമ്മുകാരുടെ ഭാര്യമാർക്കും മക്കൾക്കും ബന്ധുക്കൾക്കും പിൻവാതിൽ നിയമനം നല്കുന്നു. ചട്ടങ്ങളും നിയമങ്ങളുമെല്ലാം മറികടന്നാണ് ഇത്തരം നിയമനം. അതിനെതിരെ ഉദ്യോഗാർഥികൾ സമരം ചെയ്യുന്പോഴാണ് മുഖ്യമന്ത്രിയും മന്ത്രിമാരും അവരെ അധിക്ഷേപിക്കുന്നത്. ഇവരുടെ സമരത്തിന് യുഡിഎഫിന്റെ ധാർമ്മിക പിന്തുണ ഉണ്ടാകും.
വാളയാറിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച പെണ്കുട്ടികളുടെ അമ്മ പാലക്കാട്ട് നടത്തുന്ന സത്യാഗ്രഹസമര പന്തലിൽ എത്തി പ്രതിപക്ഷ നേതാവ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പെന്പിളൈ ഒരുമ നേതാവ് ഗോമതിയും സമരം സമരത്തിൽ പങ്കെടുക്കുന്നുണ്ട്. അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന് കോടതി നിശിതമായി വിമർശിച്ച പോലീസുകാർക്കെതിരെ പോലും നടപടിയില്ല.
അരിവാൾ പാർട്ടിക്കാരെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി വാളയാർ പോലീസ് സ്റ്റേഷനിൽ 45 പോക്സോ കേസുകളാണ് ഉണ്ടായത്. ഇതിൽ 12 എണ്ണം ചാർജ് ചെയ്തു.
ഈ പന്ത്രണ്ട് കേസുകളിലും പ്രതികളെ കോടതി വെറുതെ വിടുകയാണുണ്ടായത്. പ്രതികളെല്ലാം സിപിഎംകാരാകുന്നതുകൊണ്ടാണ് ഇവർക്കെതിരെ ദുർബലമായ അന്വേഷണം നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.