കൊച്ചി: യുഡിഎഫ് അധികാരത്തിൽ വന്നാൽ സിഎഎ സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൗരത്വ ഭേദഗതിക്ക് എതിരെ സമരം ചെയ്തവർക്ക് എതിരെ എടുത്ത കേസുകളും നാമജപ സമരത്തിന് എതിരെ എടുത്ത കേസുകളും പിൻവലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
യുഡിഎഫ് അധികാരത്തിൽ വന്നാൽ ഈ രണ്ടു പ്രതിഷേധത്തിന് എതിരെ എടുത്ത കേസുകൾ പിൻവലിക്കും. പാചക വാതക വില വർധന പിൻവലിക്കണം. സർക്കാർ ജനങ്ങളെ സഹായിക്കുന്ന നിലപാട് സ്വീകരിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
സെക്രട്ടേറിയറ്റ് മുൻപിൽ സമരം ചെയ്യുന്ന ഉദ്യോഗാർഥികളുമായി മുഖ്യമന്ത്രി ചർച്ച നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്നും നിയമനങ്ങൾ നടത്താൻ പുതിയ തസ്തിക സൃഷ്ടിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നത്തെ മന്ത്രിസഭാ യോഗം പിൻവാതിൽ വഴി നിയമിച്ചവരെ സ്ഥിരപ്പെടുത്താനാണ്. ഇത് തൊഴിൽ രഹിതരും റാങ്ക് ലിസ്റ്റിലുള്ളവരുമായ ചെറുപ്പക്കാരോടുള്ള വെല്ലുവിളിയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
വികസന മുന്നേറ്റ ജാഥ കൊണ്ട് ജനങ്ങൾക്ക് പ്രയോജനമില്ല. ഐശ്വര്യ കേരള യാത്രയ്ക്കെതിരെ നാലു കേസുകളാണ് എടുത്തത്. ജാഥയുടെ വിജയം കണ്ടാണ് കേസ് എടുത്തത്. ബിജെപിയും സിപിഎമ്മും തമ്മിൽ ഐക്യമുണ്ടെന്നും ചെന്നിത്തല പരിഹസിച്ചു.