തിരുവനന്തപുരം: വോട്ടുകച്ചവടത്തെച്ചൊല്ലിയുള്ള നേതാക്കളുടെ വാക്പോര് തുടരുന്നു. പാലാ ഉപതെരഞ്ഞെടുപ്പ് ഫലം വോട്ട് കച്ചവടത്തിന്റെ തെളിവാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എൽഡിഎഫ്-ബിജെപി വോട്ടുകച്ചവടം തെളിയിക്കാൻ മുഖ്യമന്ത്രി വെല്ലുവിളിച്ചിരുന്നു. ഇനിയത് തെളിയിക്കേണ്ട കാര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു.
കോന്നിയിലും വട്ടിയൂർക്കാവിലും സിപിഎമ്മും ബിജെപിയും വോട്ട് കച്ചവടം നടത്തുന്നുവെന്ന ആരോപണം മുൻകൂർ ജാമ്യം എടുക്കലല്ലെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹനാനും പറഞ്ഞു. ഇക്കാര്യം ജനങ്ങളെ മുൻകൂറായി അറിയിക്കുകയാണ്. വോട്ട് കച്ചവടം നടത്തുന്നു എന്നതിന് തെളിവാണ് പാലാ തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വോട്ട് കച്ചവടത്തിന്റെ ജാള്യത മറയ്ക്കാനാണ് കോൺഗ്രസിന്റെ ആരോപണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തിരിച്ചടിച്ചു. കോന്നിയിൽ ഉൾപ്പെടെ ഒരു സ്ഥലത്തും ആർഎസ്എസിന്റെ വോട്ട് വേണ്ട. ശബരിമല കർമസമിതി വഴിയാണ് ആർഎസ്എസുമായി കോൺഗ്രസ് വോട്ട് കച്ചവടം നടത്തുന്നതെന്നും കോടിയേരി ആരോപിച്ചു.
ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും തമ്മിൽ വോട്ടുകച്ചവടം സംബന്ധിച്ച് ധാരണയിലായെന്നു കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിരുന്നു. പിന്നാലെ ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയന് തന്നെ രംഗത്തെത്തിയിരുന്നു.