തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ളമേൽനോട്ട സമിതിയുടെ അധ്യക്ഷനായി ഉമ്മൻ ചാണ്ടിയെ നിയമിച്ചത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയ്ക്കിടയാക്കിയെന്ന രമേശ് ചെന്നിത്തലയുടെ പരാമർശനത്തിനെതിരെ കോൺഗ്രസിൽ പ്രതിഷേധം. എ ഗ്രൂപ്പാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഉമ്മൻ ചാണ്ടിയെ നിയമിച്ചത് ഭൂരിപക്ഷ വോട്ടുകൾ കോൺഗ്രസിന് നഷ്ടപ്പെടാൻ ഇടയാക്കിയെന്ന് സോണിയാ ഗാന്ധിക്കയച്ച കത്തിൽ രമേശ് ചെന്നിത്തല സൂചിപ്പിച്ചതായാണ് വിവരം.
ഇത്തരമൊരു കത്ത് അയച്ചോയെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവും എ ഗ്രൂപ്പിലെ പ്രമുഖനുമായ കെ.സി ജോസഫ് പറഞ്ഞു.
സോണിയാ ഗാന്ധിക്കയച്ച കത്തിന്റെ ഉള്ളടക്കം തനിക്കറിയില്ല. പ്രതീക്ഷിച്ച പോലെ ന്യൂനപക്ഷ വോട്ടുകൾ ലഭിക്കാത്തതാണ് പരാജയത്തിലേക്ക് നയിച്ചത്.
സംഘടനാപരമായ പ്രശ്നമുണ്ടായ വയനാട്ടിലും പാലക്കാട്ടും ഇരിക്കൂരും പ്രശ്നപരിഹാരത്തിന് ഓടിയെത്തിയത് ഉമ്മൻ ചാണ്ടിയാണ്. തെരഞ്ഞെടുപ്പ് പരാജയത്തെപ്പറ്റി കെപിസിസി അധ്യക്ഷൻ എഐസിസി അധ്യക്ഷയ്ക്ക് നൽകിയത് സമഗ്രമായ റിപ്പോർട്ടാണ് – കെ.സി ജോസഫ് മാധ്യമങ്ങളോടു പറഞ്ഞു.
പ്രതിപക്ഷ നേതാവെന്ന നിലയിൽ താൻ അഞ്ചു വർഷം പ്രവർത്തിച്ചെങ്കിലും അവസാന ഘട്ടത്തിൽ ഉമ്മൻ ചാണ്ടിയെ തെരഞ്ഞെടുപ്പ് അധ്യക്ഷനായി കൊണ്ടുവന്നത് അദ്ദേഹം പോലും ആഗ്രഹിച്ചിരുന്നില്ലെന്നും രമേശ് ചെന്നിത്തല കത്തിൽ സൂചിപ്പിച്ചിരുന്നു.