കോഴിക്കോട്: പ്രവാസികളുടെ ക്ഷേമത്തിനായി കൊണ്ട് വന്ന കേരള സഭയെ ധൂർത്തിന്റെയും അഴിമതിയുടെ പര്യായമാക്കിയെന്ന് ചെന്നിത്തല.2018 ല്‍ ആദ്യ ലോക കേരളസഭ നടന്നപ്പോള്‍ ശങ്കരനാരായണന് തമ്പി ഹാളിലെ ഇരിപ്പിടങ്ങള്‍ നവീകരിക്കുന്നതിന് മാത്രമായി ചിലവാക്കിയത് 1.84 കോടി രൂപയാണ്.
ടെന്ഡര്ഇല്ലാതെയാണ് പണി ഊരാളുങ്കലിനെ ഏൽപ്പിച്ചതെന്നും വിവരാവകാശ രേഖകൾ അടിസ്ഥാനമാക്കിയുള്ള ആരോപണം. രണ്ട് ദിവസം മാത്രമാണ് ഈ ഹാളില്‍ സമ്മേളനം ചേര്‍ന്നത്.
2020 രണ്ടാം ലോക കേരള സഭ നടന്നപ്പോള്‍ 1.84 കോടി രൂപ മുടക്കി നവീകരിച്ച ഈ ഇരിപ്പിടങ്ങള്‍ പൊളിച്ചു മാറ്റി. മാത്രമല്ല ഹാള്‍ മൊത്തമായി 16.65 കോടി എസ്റ്റിമേറ്റിട്ട് നവീകരിച്ചു.
ഊരാളുങ്കല്‍ സൊസൈറ്റിക്ക് തന്നെയാണ് വീണ്ടും കരാര്‍ നല്‍കിയത്, ഇതിനും ടെന്‍ഡര്‍ ഇല്ല. ആകെ ഒന്നര ദിവസം മാത്രമാണ് ഈ നവീകരിച്ച ഹാളില്‍ സമ്മേളനം നടന്നത്.
എസ്റ്റിമേറ്റിന്റെ അത്രയും തുക വേണ്ടി വന്നിട്ടില്ലെന്നും പകുതിയേ ചിലവായിട്ടിള്ളൂവെന്നുമാണ് അന്ന് സ്പീക്കര്‍ വിശദീകരിച്ചത്. എന്നാല്‍ ഇതിന്റെ ബില്ലില്‍ ഇതിനകം 12 കോടി രൂപ ഊരാളുങ്കലിന് നല്കി കഴിഞ്ഞുവെന്നാണ് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നത്.
കൊവിഡിന്റെ പശ്ചാലത്തില്‍ പ്രഖ്യാപിച്ച സാമ്പത്തിക നിയന്ത്രണത്തിന് പ്രത്യേക ഇളവ് നല്‍കിയാണ് ഈ തുക ഊരാളുങ്കലിന് നല്‍കിയതെന്ന് ചെന്നിത്തല പറയുന്നു.
നിയമസഭ കടലാസ് രഹിതമാക്കുന്നതിനുള്ള ഇ-നിയമസഭ എന്ന പദ്ധതിയിയുടെ പേരിലും വന്‍ ധൂര്‍ത്താണ് നടന്നതെന്നാണ് ആരോപണം. 52.31 കോടി രൂപയുടെ പദ്ധതിയും ടെന്‍ഡര്‍ ഇല്ലാതെ ഊരാളുങ്കല്‍ സൊസൈറ്റിക്ക് നൽകി.
ഈ പദ്ധതിയില്‍ ഊരാളുങ്കലിന് 13.59 കോടിരൂപ മൊബിലൈസേഷന്‍ അഡ്വാന്‍സ് ആയി നല്കി. 13-6-19 ന് ഇത് സംബന്ധിച്ച് ഉത്തരവിറങ്ങി. ഊരാളുങ്കല്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് അഡ്വാന്‍സ് തുകയായി 13.53 കോടി രൂപ നല്കാന് സ്പീക്കര്‍ പ്രത്യേക ഉത്തരവ് നല്‍കിയത്.
പാലാരിവട്ടത്ത് മന്മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ ചുമത്തപ്പെട്ട കുറ്റവും ഇതേ പോലുള്ള മൊബൈലേസേഷന്‍ അഡ്വാന്‍സാണെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.
സഭാ ടിവിക്കായി കൺസൾട്ടന്റുമാരെ നിയമിച്ചതിലും ചെന്നിത്തല ക്രമക്കേടുകൾ ആരോപിക്കുന്നു. ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി നടത്തിപ്പിലും ക്രമക്കേടും ധൂർത്തും നടന്നു. പരമ്പരയായി ആറ് പ്രോഗ്രാമുകളാണ് നടത്താന്‍ നിശ്ചയിച്ചിരുന്നുത് എന്നാൽ കൊവിഡ് കാരണം ഇതിൽ രണ്ടെണ്ണമേ നടത്താന്‍ കഴിഞ്ഞുള്ളു.
ഇതിന് മാത്രം രണ്ടേകാല്‍ കോടി രൂപ ചെലവായെന്നാണ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്.
അതേസമയം സ്വര്ണകടത്തുകേസുമായി ബന്ധപ്പെട്ട് സ്പീക്കറുടെ വിശദീകരണം ദുര്‍ബലമാണെന്നും കുറ്റബോധം ഇതില്‍ നിന്നും വ്യക്തമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.