ചേന്നൂർ-കോതാട് പാലത്തിന്റെ നിർമാണം ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് പെരിയാറിനു കുറുകെ തീർത്ത മനുഷ്യച്ചങ്ങല. – അഖിൽ പുരുഷോത്തമൻ.
കൊച്ചി: 45 വർഷം മുന്‍പ് വിഭാവനം ചെയ്ത പദ്ധതിയുടെ ഭാഗമായുള്ള ചേന്നൂർ-കോതാട് പാലത്തിന്റെ നിർമാണം ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് പെരിയാറിനു കുറുകെ മനുഷ്യച്ചങ്ങല തീർത്ത് പ്രതിഷേധിച്ചു. ചേന്നൂർ-കോതാട് പാലം ആക്ഷൻ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ചേന്നൂർ, കോതാട് നിവാസികളായ എണ്ണൂറിലധികം പേർ മനുഷ്യച്ചങ്ങലയിൽ പങ്കാളികളായി. 2005 ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പാലം ഉടൻ നിർമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പാലം വരുന്ന കടമക്കുടി പഞ്ചായത്ത് ജിസിഡിഎയുടെ പരിധിയിൽ വരുന്നതിനാൽ 2006 മുതൽ ഈ പാലം ജിസിഡിഎയുടെ പരിഗണനയിൽ വന്നു.
കിറ്റ്കോ തയാറാക്കിയ എസ്റ്റിമേറ്റും അലൈൻമെന്റും 2011ൽ ജിഡ അംഗീകരിക്കുകയും സർക്കാർ ഭരണാനുമതി നൽകുകയും ചെയ്തു. 2011 ൽ ശിലാസ്ഥാപനം നടന്നതല്ലാതെ പാലം നിർമാണവുമായി ബന്ധപ്പെട്ട നടപടികളൊന്നും ഇതു വരെ ഉണ്ടായില്ലെന്ന് സമരസമിതി ആരോപിക്കുന്നു.
ചേന്നൂർ-കോതാട് ഫെറി സർവീസാണ് ഇവിടെയുള്ളവരുടെ ഏക ആശ്രയം. രാവിലെയും വൈകുന്നേരം ഫെറിയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പാലത്തിലേക്കുള്ള റോഡിനായി 40 വർഷം മുന്‍പേ ആളുകൾ സ്ഥലം വിട്ടുനൽകിയതാണ്. റോഡ് നിർമിച്ചെങ്കിലും വിവിധ കാരണങ്ങളാൽ പാലം പണി നീണ്ടു പോയി.
ശിലാസ്ഥാപനം കഴിഞ്ഞിട്ട് ഏഴു വർഷമായിട്ടും പാലത്തിന്റെ പണി ഇതു വരെ ആരംഭിച്ചിട്ടില്ല. പാലത്തിന്റെ നിർമാണം പൂർത്തിയാകുംവരെ നടത്താൻ ഉദ്ദേശിക്കുന്ന തുടർസമരങ്ങളുടെ ഭാഗമാണ് മനുഷ്യച്ചങ്ങല തീർത്തുള്ള പ്രധിഷേധമെന്ന് സമരസമിതി അറിയിച്ചു.