പാലക്കാട്: മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് നെന്മാറ ഇരട്ടക്കൊലയെന്ന് പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത്കുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇയാളുടെ ഭാര്യയും മകളും പിണങ്ങിപ്പോയത് അയല്‍ക്കാരുടെ പ്രേരണയിലാണെന്ന വിരോധത്തിലാണ് കൊലപാതകങ്ങള്‍ ഇയാള്‍ നടത്തിയത്. ഇതിനുപിറകിൽ മന്ത്രവാദത്തിന്റെ കാരണങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കും.
ദിവസങ്ങള്‍ക്കു മുമ്പ് കൊലയ്ക്കുപയോഗിച്ച ആയുധം ഇയാള്‍ വാങ്ങി സൂക്ഷിച്ചു. ഇതില്‍ ചില കൂട്ടിച്ചേര്‍ക്കലുകളും ഇയാള്‍ നടത്തിയിട്ടുണ്ട്. അതിവിദഗ്ധനായ കൊലയാളിയാണിയാള്‍. കൊലയ്ക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണ് ഇപ്പോഴത്തെ നിഗമനം.
കൂടുതല്‍ പേരെ ഇയാള്‍ ലക്ഷ്യം വെച്ചിരുന്നോ എന്നും ഇപ്പോള്‍ പറയാനാവില്ല. ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയാല്‍ മാത്രമേ ഇതു സംബന്ധിച്ച് കൂടുതല്‍ പറയാനാകൂ എന്നും എസ്പി പറഞ്ഞു. പ്രതി പറയുന്ന എല്ലാ കാര്യങ്ങളും വിശ്വാസത്തിലെടുക്കാന്‍ കഴിയില്ല. പോലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമവും പ്രതിയുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. വിഷം കഴിച്ചുവെന്നത് തെറ്റാണ്.
വനപ്രദേശം കൃത്യമായി അറിയാവുന്നയാളാണ് ചെന്താമര. അതിനാലാണ് ഇയാള്‍ക്ക് ഒന്നര ദിവസത്തോളം അവിടെ നില്‍ക്കാനായത്. പോലീസിന്റെ തെരച്ചില്‍ ഇയാള്‍ കാണുന്നുമുണ്ടായിരുന്നു. വീട്ടിലേക്ക് തിരിച്ചുവരുന്ന വഴിയാണ് ഇയാള്‍ പിടിയിലായത്. കൊലപാതകം സംബന്ധിച്ച കേസും അന്വേഷണവും ഉടന്‍ പൂര്‍ത്തിയാക്കി പ്രതിക്ക് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ശ്രമിക്കും.
വീണ്ടും ഇയാള്‍ നാട്ടുകാര്‍ക്കോ മരിച്ചവരുടെ കുടുംബത്തിനോ ഭീഷണിയാകാതിരിക്കാനുള്ള നടപടികള്‍ പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും അജിത്കുമാര്‍ പറഞ്ഞു. പ്രതിയെ പിടിക്കാനുള്ള അന്വേഷണത്തില്‍ നാട്ടുകാരുടെ സഹകരണത്തിന് അദ്ദേഹം നന്ദി പറഞ്ഞു.