ചിറ്റൂർ: പട്ടഞ്ചേരി പഞ്ചായത്തിൽ ചേന്തോണി ലക്ഷംവീട് കോളനിയിൽ നാലുവീടുകൾ തകർന്നു. ഇവിടത്തെ താമസക്കാരായ ശെൽവന്റെ ഭാര്യ ചെല്ല, അബ്ദുൾ മജീദ്, അക്ബർ അലി, കമാൽ എന്നിവരുടെ വീടുകളാണ് വാസയോഗ്യമല്ലാത്ത വിധം തകർന്നത്. ഒരുവീടിന്റെ ഇരുവശങ്ങളിലായി രണ്ടു കുടുംബങ്ങളാണ് താമസിക്കുന്നത്.
അക്ബർ അലിയുടെ തകർന്ന വീടിന്റെ മറുഭാഗത്ത് മണികണ്ഠൻ, ഭാര്യ രാജേശ്വരി, മൂന്നുമക്കൾ തുടങ്ങിയവർ താമസിക്കുന്നത് അപകടം മുന്നിൽകണ്ടാണ്.നാല്പതുവർഷംമുന്പ് നിർമിച്ച വീടുകളുടെ ഭിത്തിയും മേൽക്കൂരയും ബലക്ഷയത്തെ തുടർന്ന് തകർച്ചാഭീഷണിയിലാണ്.
തകർന്ന വീടുകളെപ്പറ്റി പട്ടഞ്ചേരി പഞ്ചായത്ത്, വില്ലേജ് അധികൃതരെത്തി പ്രാഥമികാന്വേഷണം നടത്തി. നാല്പതുവർഷംമുന്പ് നിർമിച്ച വീടുകളുടെ അറ്റകുറ്റപ്പണികൾക്ക് ഫണ്ട് അനുവദിച്ചിരുന്നില്ല. കോളനിയിൽ നാല്പതു കുടുംബങ്ങളാണ് താമസിക്കുന്നത്.
തകർന്നുവീഴാറായ ചില വീട്ടുകാർ ബാങ്കിൽനിന്നും വായ്പയെടുത്ത് സംരക്ഷണ ജോലികൾ നടത്തിയിരുന്നു. എന്നാൽ ഇതിനു കഴിയാത്ത ഹരിജൻ കുടുംബങ്ങൾ വീടുകളിൽ നിസഹായരായി കഴിയുകയാണ്. വീടുകളുടെ പുനരുദ്ധാരണത്തിനായി കോളനിക്കാർ കളക്ടറെ കണ്ട് പരാതി നല്കിയെങ്കിലും ഇതുവരെയും നടപടിയുണ്ടായില്ല.