ഹരിപ്പാട്: 35 പേരുടെ ജീവൻ അപഹരിച്ച ചേപ്പാട് ട്രെയിൻ ദുരന്തത്തിന് ഇന്ന് 28 വർഷം പിന്നിടുകയാണ്. കാൽനൂറ്റാണ്ട് പിന്നിട്ട ദുരന്തം നാട്ടുകാരുടെ മനസിൽ ഏൽപ്പിച്ച മുറിവുകൾ ഇനിയും ഉണങ്ങിയിട്ടില്ല. ദേശീയപാതയിൽനിന്നു ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപത്തേക്കുള്ള റോഡിലെ കാവൽക്കാർ ഇല്ലാത്ത ലെവൽ ക്രോസിലായിരുന്നു ചേപ്പാട് ദുരന്തം.
വിവാഹപാർട്ടി സഞ്ചരിച്ചിരുന്ന ബസ് ട്രെയിൻ തട്ടിത്തെറിപ്പിച്ചപ്പോൾ ഉറക്കെ കരയാൻ പോലുമുള്ള അവസരം ലഭിക്കാതെ 35 പേർ പിടഞ്ഞുമരിക്കുകയായിരുന്നു. 1996 മേയ് 14ന് ഉച്ചയ്ക്ക് 1.22നായിരുന്നു അപകടം. ചേപ്പാട് ദുരന്തത്തിൽ വേർപിരിഞ്ഞ പലരുടെയും ഉറ്റവർ ഇപ്പോഴും കഷ്ടപ്പാടുകളും പ്രയാസങ്ങളും അനുഭവിക്കുന്നുണ്ട്.
ദുരന്തസ്ഥലത്തുനിന്നു ജീവിതത്തിലേക്കു തിരിച്ചുവന്ന ഏവൂർ ഇടയ്ക്കാട്ട് മുരളീധരൻ നായർ, ശാന്താ മന്ദിരത്തിൽ സുനിൽ കുമാർ, ഏവൂർ വടക്ക് സതീഷ് ഭവനത്തിൽ രാജലക്ഷ്മിയും ജീവിച്ചിരിക്കുന്നതിൽ ചിലർ മാത്രം. ദുരന്തം മൂലം ചേപ്പാട് മുടേത്തറയിൽ നാരായണൻ നായർക്ക് നഷ്ടമായത് ഭാര്യയും മൂന്ന് ആൺമക്കളും ബന്ധുക്കളുമായിരുന്നു.
നാരായണൻ നായരുടെ മകൻ സോമന്റെ വിവാഹം കഴിഞ്ഞുവരുമ്പോഴായിരുന്നു അപകടം. എന്നാൽ, മധ്യതിരുവിതാംകൂറിനെ നടുക്കിയ ട്രെയിൻ ദുരന്തത്തിൽ അവഗണിക്കപ്പെട്ടവരും നിരവധിയായിരുന്നു. പ്രായാധിക്യം കൊണ്ട് പലരും പിന്നീട് മരണപ്പെട്ടു. 28 വർഷമാകുന്ന ദുരന്തം പ്രദേശവാസികളിൽ ഇന്നും ഒരു പേടി സ്വപ്നമായി നിലനിൽക്കുന്നെങ്കിലും സർക്കാർ സംവിധാനങ്ങൾ എല്ലാം തന്നെ കാലങ്ങൾക്കു മുമ്പേ ഇവരെ മറന്നു.
ആദ്യകാലമൊക്കെ ചേപ്പാട് പഞ്ചായത്ത് മരിച്ചവരുടെ ബന്ധുക്കൾക്ക് 100 രൂപ പെൻഷൻ നൽകിയിരുന്നത് ഇടയ്ക്ക് നിർത്തി. പഞ്ചായത്തും സന്നദ്ധ സംഘടനകളും ചേർന്ന് മെയ് 14ന് ദുരന്ത സ്ഥലത്ത് അനുസ്മരണച്ചടങ്ങ് സംഘടിപ്പിക്കുമായിരുന്നു. എന്നാൽ, ഇതെല്ലാം ഓർമയായി ചേപ്പാട് ദുരന്ത സ്ഥലം ഇന്നു ശ്മശാനഭുമി പോലെ കാടുകയറി ഭയാനകമായ നിലയിലാണ്.