ഹരിപ്പാട്: കരിമരുന്ന് പ്രകടനത്തിനിടെ ഗുണ്ട് പൊട്ടിത്തെറിച്ച് നാലുപേർക്ക് പരിക്ക്. ചേപ്പാട് കാഞ്ഞൂർ ദുർഗാദേവീ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഇന്ന് പുലർച്ചെ മൂന്നിന് നടന്ന കരിമരുന്ന് പ്രകടനത്തിനിടയിലാണ് ഗുണ്ട് തെറിച്ച് വീണ് പൊട്ട് അപകടമുണ്ടായത്.
ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ ഗോപുരത്തിതിലും തുടർന്ന് നിലത്തും വീണുമാണ് ഗുണ്ട് പൊട്ടിച്ചിതറിയത്. അപകടത്തിൽ സ്ത്രീകളുൾപ്പെട് നാലുപേർക്ക് പരിക്കേറ്റു. കണ്ണിന് സാരമായി പരിക്കേറ്റ അജിത്ത് (28) ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രത്തിലെ ഉത്സവസമാപനവും കോലം വരവുമായിരുന്നു ഇന്നലെ.
പത്ത് ദിവസത്തെ ഉത്സവം നടക്കുന്ന ഈ ക്ഷേത്രത്തിൽ കിഴക്കും പടിഞ്ഞാറും രണ്ടു കരക്കാരുടെ നേതൃത്വത്തിൽ നടക്കുന്ന ഉത്സവ ചടങ്ങുകളിലെ പ്രധാന ഇനങ്ങളാണ് അവസാന രണ്ടു ദിവസങ്ങളിലായി നടക്കുന്ന കോലം വരവും വെടിക്കെട്ടും. വെടിക്കെട്ട് നടത്തരുതെന്ന ഉത്സവ കമ്മറ്റികൾക്ക് കരീലക്കുളങ്ങര പോലീസ് മുന്നറിയിപ്പ് നോട്ടീസ് നൽകിയിരുന്നു.