തൃശൂർ: ഇടപാടു തീർത്തു കീറിക്കളഞ്ഞ ചെക്ക് ഒട്ടിച്ചു കള്ളക്കേസ് കൊടുത്ത സംഭവത്തിൽ തലോർ എസ്ബിടി മുൻ മാനേജർ അടക്കം രണ്ടുപേർക്കെതിരേ കേസ്. തലോർ സ്വദേശി ഫെബിൻ കെ. സേവ്യർ നൽകിയ ഹർജിയിൽ കോടതി ഉത്തരവനുസരിച്ചാണ് പുതുക്കാട് പോലീസ് കേസെടുത്തത്.
ഫെബിനുമായി ഇടപാടുകളുണ്ടായിരുന്ന തൈക്കാട്ടുശേരി സ്വദേശി കെ.എം. ആന്റണിയാണ് പഴയ ചെക്ക് ഒട്ടിച്ച് എസ്ബിടി തലോർ ബ്രാഞ്ചിൽ നൽകിയത്. മാനേജരായിരുന്ന കോലഴി സ്വദേശി രാജഗോപാലൻ ഈ ചെക്കിനു മ്യൂട്ടിലേഷൻ ഗാരന്റി സീൽ വച്ച് ഹാജരാക്കി. പണമില്ലാത്തതിനാൽ ചെക്കു മടങ്ങി. വണ്ടിച്ചെക്കു നൽകി കബളിപ്പിച്ചെന്ന് ആരോപിച്ച് ഫെബിനെതിരേ ആന്റണി കേസ് ഫയൽ ചെയ്തു.
ഇതിനിടയിലാണ് ഫെബിൻ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഇരിങ്ങാലക്കുട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹർജി നൽകിയത്. കോടതി ഉത്തരവനുസരിച്ചാണ് പുതുക്കാട് പോലീസ് ആന്റണിക്കും മാനേജർക്കുമെതിരേ കേസെടുത്തത്.