തലശേരി: നഗരമധ്യത്തില്‍ ഡോക്ടര്‍ ദമ്പതിമാരുടെ 20 കോടി രൂപ വില വരുന്ന അരയേക്കർ സ്ഥലവും ബഹുനില കെട്ടിടവും കൊള്ളപ്പലിശക്കാരന് തട്ടിയെടുത്ത സംഭവത്തില്‍ റിട്ട.എസ്പി യുടെ നേതൃത്വത്തിലുള്ള കൊച്ചി ആസ്ഥാനമായുള്ള സ്വകാര്യ ഡിക്റ്ററ്റീവ് ഏജന്‍സി അന്വേഷണമാരംഭിച്ചു.
മലബാറിലെ വിവിധ സ്ഥലങ്ങളില്‍ സിഐയായും ഡിവൈഎസ്പിയായും എസ്പിയായും സേവനമനുഷ്ഠിച്ചിട്ടുള്ള റിട്ട. ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘമാണ് അതീവ രഹസ്യമായി അന്വേഷണമാരംഭിച്ചിട്ടുള്ളത്. അരയേക്കർ സ്ഥലവും ബഹുനില കെട്ടിടവും തട്ടിയെടുത്തതിനു പിന്നാലെ ഇതോടനുബന്ധിച്ചുള്ള അരയേക്കർ സ്ഥലം മറ്റൊരാള്‍ക്ക് വില്‍പ്പന നടത്തിക്കുകയും ഈ വില്പനയിലൂടെ ലഭിച്ച തുകയില്‍ നിന്നും ഭീമമായ സംഖ്യയും കൊള്ളപ്പലിശക്കാരന് തട്ടിയെടുത്താതായും റിപ്പോര്‍ട്ടുണ്ട്. ഈ തുക തട്ടിയെടുക്കാന്‍ ഉപയോഗിച്ചതും ചെക്ക് കേസായിരുന്നു.
ബ്ലേഡ് മാഫിയയുടെ പിടിയിലമര്‍ന്ന് സ്വന്തം വീട്ടില്‍ നിന്നും ഇറങ്ങേണ്ടി വന്ന ഡോക്ടര്‍ ദമ്പതിമാരില്‍ ഭാര്യ 14 വര്‍ഷം കഴിഞ്ഞത് നഗരത്തിലെ രണ്ട് ലോഡ്ജുകളില്‍. എല്ലാം നഷ്ടപ്പെട്ട് ലോഡ്ജിലെ ഒറ്റ മുറിയില്‍ കഴിഞ്ഞിരുന്ന വനിത ഡോക്ടര്‍ ഒടുവില്‍ കടന്നു പോയത് ദുരിതങ്ങളിലൂടെയായിരുന്നു. അതി പ്രശസ്തയായ ഡോക്ടറെ തേടി തന്റെ പഴയ കാല രോഗികള്‍ എത്തിയിരുന്നു.ഇതിലൂടെ ലഭിച്ചിരുന്ന വരുമാനമാണ് ഡോക്ടര്‍ക്ക് ഏക ആശ്രയമായിരുന്നത്.
ഒടുവില്‍ കിടപ്പിലായ ഡോക്ടര്‍ അമിത ഭാരം മൂലമുള്ള കഠിന പ്രയാസങ്ങളും അനുഭവിച്ചു. കിടക്കയില്‍ നിന്നും തിരിയാന്‍ പോലും സാധിക്കാതിരുന്ന ഡോക്ടര്‍ക്ക് സഹായവുമായി എത്തിയിരുന്നത് തലശേരി സമരിറ്റൻ ഹോമിലെ സന്യാസിനിമാരായിരുന്നു. ചികിത്സകള്‍ ഫലിക്കാതാവുകയും അതീവ ഗുരുതരാവസ്ഥയില്‍ മുറിയില്‍ തന്നെ ആരുടേയും സഹായമില്ലാതെ ഡോക്ടര്‍ കഴിയുന്നത് ശ്രദ്ധയില്‍ പെട്ട ലോഡ്ജ് അധികൃതര്‍ വിവരം തലശേരിയിലെ ചില മാധ്യമ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് വൈദികരും തലശേരി ഐഎംഎ ഭാരവാഹികളും ചേര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ഡോക്ടറെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലേക്ക് മാറ്റി. ദിവസങ്ങളോളം വെന്റിലേറ്ററിലുള്‍പ്പെടെ നീണ്ടു നിന്ന ചികിത്സ നല്‍കിയെങ്കിലും ഒടുവില്‍ അവര്‍ മരണത്തിന് കീഴടങ്ങി. മൃതദേഹം തലശേരി സഹകരണ ആശുപത്രിയിലെ ഫ്രീസറില്‍ സൂക്ഷിക്കുകയും ബന്ധുക്കളെത്തി നാട്ടിലേക്ക് കൊണ്ടു പോയി കുടുംബ കല്ലറയില്‍ സംസ്കരിക്കുകയും ചെയ്തു.
ലക്ഷങ്ങള്‍ വന്ന ചികിത്സ ചിലവ് ഇന്ദിരാഗ്നാധി സഹകരണ ആശുപത്രിയിലെ ഡോക്ടര്‍മാരും മാനേജ്മെന്റും ചേര്‍ന്നാണ് അടച്ചതെന്ന് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡന്റ് മമ്പറം ദിവാകരനും മെഡിക്കല്‍ ഡയറക്ടര്‍ ഡോ.കെപിഎ സിദ്ദീഖും രാഷ്ട്ര ദീപികയോട് പറഞ്ഞു. ഭര്‍ത്താവായ ഡോക്ടറുടെ സ്ഥിതിയും ഭിന്നമായിരുന്നില്ല. രോഗം മൂര്‍ച്ചിച്ച് ഇരു കാലുകളും മുറിച്ചു നീക്കപ്പെട്ട ഡോക്ടര്‍ ഒടുവില്‍ വയനാട്ടിലെ അഗതി മന്ദിരത്തില്‍ വെച്ച് മരണമടയുകയായിരുന്നു.
അഗതി മന്ദിരത്തില്‍ നിന്നും ആംബുലന്‍സില്‍ കയറ്റി വിട്ട മൃതദേഹം തലശേരിയിലെ വൈദികരുടെ നേതൃത്വത്തില്‍ സെന്റ് ജോസഫ്സ് കത്തീഡ്രലില്‍ സംസ്കരിക്കുകയായിരുന്നു. ഡോക്ടര്‍ ദമ്പതികള്‍ ഇത്രയേറെ ദുരിതങ്ങളിലൂടെ കടന്നു പോയിട്ടും കോടികള്‍ തട്ടിയെടുത്ത ബ്ലേഡ് മാഫിയ സംഘം ഒന്നു തിരിഞ്ഞു നോക്കുക പോലും ചെയ്തില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
വടക്കേ മലബാറിലെ അതിപ്രശസ്തരായിരുന്ന ഡോക്ടര്‍ ദമ്പതിമാരുടെ ബഹുനില കെട്ടിടവും സ്ഥലവുമാണ് ആസൂത്രിത നീക്കത്തിലൂടെ ബ്ലേഡ് മാഫിയ തട്ടിയെടുത്തത്. വിവിധ ഘട്ടങ്ങളിലായി വാങ്ങിയ 50 ലക്ഷം രൂപക്ക് സെക്യൂരിറ്റിയായി നല്കിയ 14 ബ്ലാങ്ക് ചെക്ക് ലീഫുകള്‍ ഉപയോഗിച്ചാണ് പള്ളൂര്‍ സ്വദേശിയായ പലിശക്കാരന് ഡോക്ടര്‍ ദമ്പതികളെ വഞ്ചിച്ചത്. ഒന്നര പതിറ്റാണ്ട് മുമ്പ് നടന്ന ക്രൂരമായി തട്ടിപ്പിന്റെ കഥ അടുത്ത നാളുകളിലാണ് പുറം ലോകം അറിഞ്ഞത്.
മരണമടയുന്നതിന് മുമ്പ് തയാറാക്കിയ വില്പത്രത്തില് ക്രൂരമായ തട്ടിപ്പിലൂടെ സ്വന്തമാക്കിയ സ്വത്ത് രണ്ട് പെണ്മക്കള്ക്ക് മാത്രമായി വീതിച്ച് കൊടുക്കാന്‍ ശ്രമിച്ചതിനെ ഏക മകന് എതിര്‍ത്തിരുന്നു. തുടര്‍ന്ന് നടന്ന വിവാദങ്ങളും ഡോക്ടര്‍ ദമ്പതികളുടെ ബന്ധുക്കള്‍ നടത്തിയ അന്വേഷണവുമാണ് നാട്ടുകാരെ ഞെട്ടിച്ച കൊള്ളപ്പലിശയുടെകഥ പുറം ലോകം അറിയാന്‍ കാരണമായത്.