കണ്ണൂർ: കണ്ണൂരിൽ വീണ്ടും ബാങ്കിൽനിന്നു ചെക്ക് മോഷ്ടിച്ച് പണം തട്ടിയെന്ന പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. മേലെചൊവ്വയിലെ യൂണിൻ ബാങ്ക് ശാഖ മാനേജർ അനുപമയുടെ പരാതിയിലാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ചൊവ്വ ബ്രാഞ്ചിൽ ക്ലിയറൻസിനായി സമർപ്പിച്ച ചെക്കുകളാണ് മോഷണം പോയത്. ഇതിൽ ഒരു ചെക്കിൽ തിരുത്തൽ വരുത്തി എസ്ബിഐയിൽ ഹാജരാക്കി 40,399 തട്ടിയെടുത്തു.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു ബാങ്കിന്റെ കൗണ്ടറിൽ ക്ലിയറൻസിനായി ചെക്കുകൾ വന്നത്. പി.ആർ. ഓട്ടോ ഏജൻസീസ് എന്ന സ്ഥാപനത്തിന്റെ പേരിലുള്ള ചെക്കാണ് എസ്ബിഐയിൽ ഹാജരാക്കി പണം തട്ടാനുപയോഗിച്ചത്. തുക ലഭിക്കേണ്ടയാളുടെ പേര് തിരുത്തിയാണ് പണം തട്ടിയത്. കറുത്ത ഷർട്ട് ധരിച്ച രണ്ട് പേരെത്തി ചെക്ക് മോഷ്ടിച്ച് കടന്നുകളയുന്നതിന്റെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്.
ഇവർ ഹിന്ദി സംസാരിച്ചിരുന്നതായി ബാങ്കിൽ എത്തിയവർ പറയുന്നു. കഴിഞ്ഞ ദിവസം എസ്ബിഐയുടെ മെയിൻ ബ്രാഞ്ചിൽ നിന്ന് അഞ്ച് ചെക്കുകൾ മോഷണം പോയിരുന്നു. ടൗൺ സിഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിവരവെയാണ് യൂണിയൻ ബാങ്കിൽ സമാന രീതിയിൽ മോഷണം നടന്നത്. പോലീസ് അന്വേഷണം ഊർജിതമാക്കി.