ഹരുണി സുരേഷ്
കോവിഡ് ബാധയും തുടര്‍ന്നുള്ള ലോക്ക് ഡൗണും സംസ്ഥാനത്തെ ടൂറിസം മേഖലയെ തകര്‍ത്ത് തരിപ്പണമാക്കിയപ്പോള്‍ നിറം മങ്ങിയത് വൈപ്പിന്‍ കരയിലെ ഒരു പറ്റം ടൂറിസം സംരംഭകരുടെ സ്വപ്നങ്ങള്‍ കൂടിയാണ്.
പ്രതീക്ഷയോടെ കാത്തിരുന്ന ഒരു സീസണാണ് കോവിഡ് മൂലം മാഞ്ഞുപോയത്. ഇതോടെ മുനമ്പം മുസരീസ് മുതല്‍ പുതുവൈപ്പ് ലൈറ്റ് ഹൗസ് കടപ്പുറം വരെയുള്ള വൈപ്പിന്‍ കരയുടെ സുന്ദരതീരം ഇന്ന് വിജനമാണ്.
മാര്‍ച്ചിനു ശേഷമുള്ള രണ്ട് മാസത്തെ മധ്യവേനലവധി ചെറായി ബീച്ചിനെ സംബന്ധിച്ചിടത്തോളം നിരവധി സന്ദർശകർ എത്തുന്ന സമയമാണ്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നിരവധി ടൂറിസ്റ്റുകളാണ് ഇവിടേക്ക് എത്തുന്നത്.
ഇതനുസരിച്ച് ഇവിടെ റിസോര്‍ട്ടുകള്‍, ഹോം സ്റ്റേകള്‍, റെസ്റ്റോറന്റുകള്‍ മറ്റു വ്യാപാര ശാലകള്‍ എന്നിവിടങ്ങളിലെല്ലാം വന്‍ തിരക്കാണ് അനുഭവപ്പെടാറ്. ഇത് ലക്ഷ്യം വച്ച് ബീച്ചിലെ സ്ഥാപനങ്ങള്‍ മുന്‍കൂട്ടി പല പരിപാടികളും ആവിഷ്കരിക്കുക പതിവാണ്.
എന്നാല്‍ ഈ പദ്ധതികളെല്ലാം ഇക്കുറി കോവിഡും ലോക്ക് ഡൗണും കവര്‍ന്നു. ഇനി മണ്‍സൂണ്‍ ടൂറിസവും ഈ വര്‍ഷം പ്രതീക്ഷിക്കേണ്ടതില്ല.
സാധാരണ മണ്‍സൂണ്‍കാലത്ത് ചെറായി മുനമ്പം എടവനക്കാട് ബീച്ചുകളില്‍ വിദേശ ടൂറിസ്റ്റുകളും ഉത്തരേന്ത്യന്‍ ടൂറിസ്റ്റുകളും മഴകാണാന്‍ എത്തുമായിരുന്നു. ബീച്ചിലെ റിസോര്‍ട്ടുകളിലും ഹോം സ്റ്റേകളിലുമൊക്കെ തമ്പടിച്ച് കായലിലും കടലിലുമൊക്കെ പെയ്തിറങ്ങുന്ന കാലവര്‍ഷം കണ്ട് രസിച്ചു മടങ്ങുന്ന വിദേശികള്‍ നിരവധിയായിരുന്നു.
മാര്‍ച്ച് 24 നാണ് കേന്ദ്രസര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. വിദേശ രാജ്യങ്ങളില്‍ കോവിഡ് വ്യാപകമായതിനെ തുടര്‍ന്ന് വിദേശ ടൂറിസ്റ്റുകള്‍ക്ക് കേരളത്തില്‍ ക്വാറന്റൈന് നിര്‍ബന്ധമാക്കിയ മാര്‍ച്ച് ആദ്യവാരത്തില്‍ തന്നെ ബീച്ചില്‍ ഹോം സ്റ്റേകളുടേയും റിസോര്‍ട്ടുകളുടേയും വാതിലുകള്‍ക്ക് താഴ് വീണിരുന്നു.
മൂന്നു മാസത്തോളം നീണ്ട ലോക്ക് ഡൗണ്‍ പല സംരംഭകരുടേയും സാമ്പത്തിക അടിത്തറ ഇളക്കിയെന്ന് വേണം പറയാന്‍. എന്നാല്‍ വായ്പകള്‍ക്ക് മൊറോട്ടേറിയം ഏര്‍പ്പെടുത്തിയതല്ലാതെ യാതൊരു കാര്യമായ യാതൊരു പാക്കേജും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിട്ടില്ല. ഇതുകൊണ്ടു തന്നെ ടൂറിസം മേഖലയിലുള്ളവർ നിരാശയിലാണ്.
റിസോര്‍ട്ടുകള്‍, ഹോം സ്റ്റേകള്‍, റെസ്റ്റോറന്റുകള്‍, മറ്റു ഷോപ്പുകള്‍ തുടങ്ങിയ ചെറുതും വലുതുമായ 150 ഓളം സംരംഭകരാണ് ചെറായി മേഖലയില്‍ മാത്രം ഉളളത്. 500ല്‍ പരം ജീവനക്കാരും ഇവരെ ആശ്രയിച്ചു കഴിയുന്നുണ്ട്. സംരംഭകരില്‍ വന്‍കിടക്കാര്‍ എന്ന് പറയാവുന്നവര്‍ കേവലം വിരലില്‍ എണ്ണാവുന്നവരെ ഉള്ളൂ.
ഇവര്‍ക്കും ബാങ്കുകളില്‍ വന്‍ ബാധ്യതയുണ്ട്. ബാക്കിയുളളവരെല്ലാം ബാങ്ക് വായ്പകളും കൈവായ്പകളും വാങ്ങി ജീവിക്കാന്‍ വേണ്ടി ടൂറിസം സംരംഭകന്റെ വേഷം കെട്ടിയിറങ്ങിവര് മാത്രമാണ്.