ചെറായി: ചെറായി ബീച്ചിൽ ന്യൂയോർക്ക് സ്വദേശികളായ രണ്ട് വിദേശ വനിതകളോട് അപമര്യാദയായി പെരുമാറിയ രണ്ടംഗം സാമൂഹ്യ വിരുദ്ധരുടെ പേരിൽ കേസെടുത്തെങ്കിലും ഇതുവരെ പ്രതികളെ കണ്ടെത്താനാവാതെ പോലീസ് കുഴയുന്നു. പ്രതികളെക്കുറിച്ച് യാതൊരു സൂചനയുമില്ലാത്തതാണ് പോലീസിനു വിനയായത്.
ചെറായിയിൽ ഒരു ഏജൻസി നടത്തിവരുന്ന പ്രമുഖ റിസോർട്ടിനു മുന്നിൽ തീരദേശ റോഡിൽ വച്ചായിരുന്നു സംഭവം. ഈ റിസോർട്ടിൽ താമസിക്കുന്ന വനിതകളും ഇതിൽ ഒരാളുടെ ഭർത്താവും കുഞ്ഞുമായി നടന്ന് വരുന്പോൾ പിന്നാലെ ബൈക്കിലെത്തിയ രണ്ട് യുവാക്കൾ വനിതകളിൽ ഒരാളുടെ കൈക്ക് കയറി പിടിക്കുകയും ബൈക്കിൽ കയറാൻ നിർബന്ധിക്കുകയും ചെയ്തുവെന്നാണ് പരാതി. 23 നായിരുന്നു സംഭവം.
ഇതിനുശേഷം റൂറൽ എസ്പിക്ക് പരാതി നൽകി ഇവർ രണ്ട് ദിവസം മുന്പ് നാട്ടിലേക്ക് തിരികെ പോകുകയും ചെയ്തു. വനിതകളിൽ ഒരാളായ കൊളന്പിയ യൂണിവേഴ്സിറ്റിയിലെ ലീഗൽ റിസർച്ചറുമായ ലാദൻ മെഹ്ർനവയാണ് പരാതി നൽകിയിട്ടുള്ളത്. എസ്പിയുടെ നിർദ്ദേശത്തെ തുടർന്ന് സ്ത്രീകളെ അപമാനപ്പെടുത്തുന്നതിനെതിരേയുള്ള വകുപ്പുകൾ ചേർത്ത് കണ്ടാലറിയാവുന്ന രണ്ട് യുവാക്കൾക്കെതിരേ മുനന്പം പോലീസ് കേസെടുത്തുവെങ്കിലും പ്രതികളെ കുറിച്ച് സൂചനയില്ല.
റിസോർട്ടിനു മുന്നിൽ സിസിടിവി കാമറയില്ലാത്തതാണ് പോലീസിനു പ്രതികളെക്കുറിച്ചറിയാൻ പ്രയാസമായത്. ഇപ്പോൾ സംഭവത്തിനു ദൃസാക്ഷികളെ തേടി അലയുകയാണ് പോലീസ്.