വൈപ്പിൻ: കെട്ടിടം പൂർത്തിയായി ആറ് വർഷം കഴിഞ്ഞിട്ടും ചെറായിൽ പോലീസ് സ്റ്റേഷൻ തുടങ്ങാനായില്ല. ചെറായി ബീച്ചിലും കുഴുപ്പിള്ളി ബീച്ചിലും എത്തുന്ന സന്ദർശകരുടെ സുരക്ഷ കണക്കിലെടുത്താണ് ഇവിടം കേന്ദ്രീകരിച്ച് ടൂറിസ്റ്റ് പോലീസ് സ്റ്റേഷൻ ആരംഭിക്കണമെന്ന ആവശ്യം ഉയരുന്നത്. ഏറെ താമസിക്കാതെ ഇതിനുള്ള കെട്ടിടം പൂർത്തിയായെങ്കിലും പോലീസ് സ്റ്റേഷൻ അനുവദിച്ചില്ല.
ആറ് വർഷം മുന്പ് ചെറായി ബീച്ചിൽ പോലീസ് സ്റ്റേഷനായി കെട്ടിടം പണികഴിപ്പിച്ച കെട്ടിടം ഇപ്പോൾ ലൈഫ് ഗാർഡുകൾ ഉപയോഗിക്കുകയാണ്. നിരവധി വിദേശ സ്വദേശ ടൂറിസ്റ്റുകൾ എത്തുന്ന സ്ഥലം കൂടിയാണ് ചെറായി. പലപ്പോഴും കടൽ കടന്നുള്ള ആക്രമണ ഭീഷണിയും നിലനിൽക്കുന്നുണ്ട്. ഇപ്പോൾ പോലീസുകാർ തന്നെയാണ് സ്റ്റേഷൻ ആരംഭിക്കണമെന്ന് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
റിസോർട്ടുകളിലെ കണക്കുകൾ പ്രകാരം ഏതാണ്ട് 150 ൽ പരം രാജ്യങ്ങളിലെ വിദേശികൾ കഴിഞ്ഞ വർഷം ചെറായി ബീച്ചിൽ എത്തിയിട്ടുണ്ട്. ബീച്ചിനോട് ചേർന്ന് റിസോർട്ടുകളും ഹോം സ്റ്റേകളുമായി 60 ഓളം സ്ഥാപനങ്ങൾ ഉള്ളതിനാൽ രാത്രിയായാലും ബീച്ചിൽ ഒറ്റയ്ക്കും കൂട്ടായും ടൂറിസ്റ്റുകളുടെ സാന്നിധ്യമുണ്ട്. പലപ്പോഴും ടൂറിസ്റ്റുകൾ ആക്രമത്തിനിരയായ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
അഞ്ച് കിലോമീറ്റർ അകലെയുള്ള മുന്പം പോലീസ് സ്റ്റേന്റെ പരിധിയിലാണ് നിലവിൽ ചെറായിയും പരിസരവും.
ഇവിടെ നിന്ന് പോലീസ് സ്ഥലത്തെത്തുന്പോഴേക്കും അക്രമികൾ പലപ്പോഴും രക്ഷപെടും. കഞ്ചാവ്, മയക്ക് മരുന്ന് കച്ചവട കേന്ദ്രമായി പള്ളത്താംകുളങ്ങര, ചെറായി, മുനന്പം ബീച്ചുകൾ മാറിയിരിക്കുകയാണ്. രാത്രി ഒറ്റയ്ക്ക് ബീച്ചിലൂടെ നടന്നുപോയ ബ്രിട്ടീഷ് വനിതയെ ഒരാൾ കയറിപ്പിടിച്ച സംഭവം കഴിഞ്ഞ വർഷമാണ് നടന്നത്.
കൂടാതെ പള്ളത്താം കുളങ്ങര ബീച്ചിലെത്തിയ ഗജേന്ദ്രൻ എന്ന തമിഴ്നാട് സ്വദേശി കഞ്ചാവ് മാഫിയയുടെ കത്തേറ്റ് മരിച്ചതും കഴിഞ്ഞ വർഷമാണ്. ഈ വർഷം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് 180 ഓളം ശ്രീലങ്കക്കാർ തന്പടിച്ചത് ബീച്ചിലായിരുന്നു.
മൂന്ന് ദിവസം താമസിച്ചെങ്കിലും പോലീസ് അറിഞ്ഞ് എത്തിയപ്പോഴേക്കും ഇവർ കടൽ കടന്നിരുന്നു. മദ്യപിച്ചെത്തിയ രണ്ട് യുവാക്കൾ സ്പാനിഷ് വനിതയെ ഉപദ്രവിക്കാൻ ശ്രമിച്ചത് കഴിഞ്ഞമാസമാണ്. കൂടാതെ യാത്രരേഖകൾ ഒന്നുമില്ലാതെ ഒരു ശ്രീലങ്കൻ കുടുംബം ബീച്ചിലെത്തി മുറിയന്വേഷിച്ച് നടന്നതും അവസാനം സ്ഥലം വിട്ടതും പോലീസ് അറിഞ്ഞില്ല.
ഏറെ തിരക്കുള്ള ശനി, ഞായർ ദിവസങ്ങളിൽ വൈകീട്ട് മാത്രമേ മുനന്പം പോലീസ് സ്റ്റേഷനിൽ നിന്നും ഡ്യൂട്ടിക്കായി പോലീസിനെ നിയോഗിക്കാറുള്ളു. മറ്റു ദിവസ ങ്ങളിൽ പോലീസിന്റെ സാന്നിധ്യം ഇല്ല. ഈ സാഹചര്യത്തിലാണ് ചെറായി ബീച്ചിൽ ടൂറിസ്റ്റ് പോലീസ് സ്റ്റേഷന്റെ ആവശ്യകതയെക്കുറിച്ച് പോലീസിന്റെ ഭാഗത്തുനിന്ന് ആവശ്യമുയർന്നിരിക്കുന്നത്.