ചെറായി: അയ്യന്പിള്ളി സ്വദേശികളായ മൂന്നംഗ കുടുംബം മൂന്നാഴ്ച മുന്പ് പറവൂർ പെരുവാരത്തുള്ള വാടകവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് മൊഴിയെടുത്ത കുഴുപ്പിള്ളി ചെറുവൈപ്പ് സ്വദേശിയായ ഓട്ടോ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു.
കുഴുപ്പിള്ളി ചെറുവൈപ്പ് മങ്കുഴി സാജൻ-(38)ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴോടെ ചെറായി ബീച്ചിലെ ഒരു ഹോം സ്റ്റേയിലാണ് മൃതദേഹം കണ്ടത്.
ഹോം സ്റ്റേ ഇയാൾ വാടകയ്ക്കെടുത്തിട്ടുള്ളതാണ്. വൈകുന്നേരം ഇയാളെ ഫോണിൽ ബന്ധപ്പെട്ടിട്ടും എടുക്കാതെ വന്നപ്പോൾ ബന്ധുക്കളും സുഹൃത്തുക്കളും ഹോം സ്റ്റേയിൽ അന്വേഷിച്ച് ചെന്നപ്പോഴാണ് മരിച്ച നിലയിൽ കാണപ്പെട്ടതെന്ന് പോലീസ് അറിയിച്ചു.
പറവൂരിൽ കൂട്ട ആത്മഹത്യചെയ്ത അയ്യന്പിള്ളി സ്വദേശികളായ പതിയാപറന്പിൽ രാജേഷിനും കുടുംബത്തിനും പെരുവാരത്ത് വാടക വീട് തരപ്പെടുത്തിക്കൊടുത്തിരുന്നത് സാജനായിരുന്നു.
ഇതിനിടെ വീട് ഒഴിയാനായി വീടിന്റെ ഉടമ ആവശ്യപ്പെട്ടതനുസരിച്ച് ഇടനിലക്കാരനായ സാജൻ രാജേഷിനോട് വീട് ഒഴിയാൻ പലകുറി ആവശ്യപ്പെടുകയുണ്ടായത്രേ.
ഇക്കാര്യം രാജേഷിന്റെ ആത്മഹത്യാക്കുറിപ്പിൽ സൂചിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പറവൂർ പോലീസ് കഴിഞ്ഞ ദിവസം സാജനിൽനിന്നും മൊഴിശേഖരിച്ചത്. ഇതിലുള്ള മനോവിഷമമായിരിക്കാം ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പോലീസ് നിഗമനം.