ചെറായി: ചെറായി ഗൗരീശ്വരത്തിനു കിഴക്ക് സാമൂഹ്യ വിരുദ്ധസംഘം പാതിരാത്രിയിൽ വധഭീഷണി മുഴക്കി വീട് കയറി ആക്രമിക്കുകയും വീടിന്റെ ജനൽ ചില്ല് അടിച്ച് തകർത്തശേഷം വീട്ടിലെ പോമറേനിയൻ വളർത്ത് നായയെ ഇരുന്പ് വടിക്ക് അടിച്ച് കൊലപ്പെടുത്തുകയും ചെയ്ത കേസിൽ മുനന്പം പോലീസ് കേസെടുത്തു.
വീട് കയറി ആക്രമണം, മൃഗങ്ങൾക്കെതിരേയുള്ള ക്രൂരത തടയൽ നിയമം എന്നീ വകുപ്പുകൾ ചുമത്തിയാണ് ആറംഗം സംഘത്തിനെതിരേ കേസെടുത്തതെന്ന് മുനന്പം സിഐ അഷറഫ് അറിയിച്ചു. കല്ലുമഠത്തിൽ പ്രസാദിന്റെ വീടാണ് തകർത്തത്. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിക്കെത്തിയ സംഘം വീട് അടിച്ച് പൊളിക്കുന്ന ശബ്ദം കേട്ടാണ് വീട്ടമ്മ ഉണർന്നത്. വാതിൽ തുറന്നപ്പോൾ രണ്ട് മക്കളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മാരാകായുധങ്ങളുമായി വാതിലുനു മുന്നിൽ നിൽക്കുന്ന അക്രമിസംഘത്തെയാണ് കണ്ടത്.
മുറിയിലേക്ക് കയറിയ സംഘത്തിനു നേരെ കുതിച്ചെത്തിയ വളർത്തുനായ ഇവർക്ക് കൈയിലിരുന്ന ഇരുന്പ് വടിക്ക് അടിച്ച് ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തു. ഇളയമകനെ ബിയർ കുപ്പി പൊട്ടിച്ച് കുത്താൻ മുതിരുകയും ചെയ്തുവെന്ന് വീട്ടമ്മ സെറീന മുനന്പം പോലീസിനു നൽകി പരാതിയിൽ പറയുന്നു. സംഭവത്തെ തുടർന്ന് മുനന്പം സിഐ അഷറഫിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയും നായയെ മൃഗാശുപത്രിയിലെത്തിച്ച് പോസ്റ്റ് മോർട്ടം നടത്തുകയും ചെയ്തു.
വീട്ടമ്മയുട മൂത്തമകനും പ്രതികളും തമ്മിൽ ഇക്കഴിഞ്ഞ ഗൗരീശ്വരം ക്ഷേത്രത്തിലെ ഉത്സവ ദിവസം ഉണ്ടായ തർക്കമാണ് വീടുകയറി ആക്രമണത്തിനു കാരണമെന്നാണ് പറയുന്നത്. വെള്ളിയാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിനു മുന്പായി വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ സംഘം പരാതിക്കാരിയുടെ വീടിനു സമീപത്ത് തന്പടിച്ച് ഭീഷണി മുഴക്കിയിരുന്നതായും പോലീസ് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞിട്ടുണ്ട്. പ്രതികൾ എല്ലാം ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.