കൊടുങ്ങല്ലൂർ: എഡി 629 ൽ കൊടുങ്ങല്ലൂരിൽ സ്ഥാപിതമായ ഇന്ത്യയിലെ ആദ്യത്തേയും പുരാതനവുമായ കൊടുങ്ങല്ലൂരിലെ ചേരമാൻ ജുമാ മസിജിദിന്റെ പുനരുദ്ധാരണ പദ്ധതിയുടെ ഉദ്ഘാടനം നാളെ നടക്കും. മസ്ജീദ് പരിസരത്ത് നാളെ ഉച്ചതിരിഞ്ഞ് നാലിന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പൈതൃക പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും.
സംസ്ഥാന ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എംപി, എംഎൽഎ, വിവിധ രാഷ്ട്രീയ സംസ്ക്കാരിക നേതാക്കൾ പങ്കെടുക്കും. ടൂറിസം വകുപ്പിന്റെ മുസിരീസ് പൈതൃക പദ്ധതിയുടെ ഭാഗമായാണ് ചരിത്രമുറങ്ങുന്ന പദ്ധതിയുടെ പുനരുദ്ധാരണ പദ്ധതികൾ നടക്കുന്നത്.
സുഗന്ധവ്യഞ്ജനങ്ങൾ മുതൽ അമൂല്യ രത്നങ്ങളുടെ വരെ വ്യാപാരകേന്ദ്രമായിരുന്ന മുസിരിസിന്റെ സാംസ്കാരിക ചരിത്രത്തിൽ ചേരമാൻ ജുമാ മസ്ജിദിന് നിർണായക സ്ഥാനമുണ്ടായിരുന്നു.ഏഴാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ രാജാവായിരുന്ന ചേരമാൻ പെരുമാൾ ഇസ്ലാമിലേയ്ക്ക് മാറിയതായും ഇന്ത്യയിലെത്തിയ പേർഷ്യൻ പണ്ഡിതനായ മാലിക് ഇബ്നു ദിനാറിന്റെ കൈയിൽ കത്തുകൊടുത്തുവിട്ടതായും രാജാവിന്റെ മരണശേഷം എഡി 629ൽ മാലിക് ഇബ്നു ദിനാർ മസ്ജിദ് നിർമിച്ചതായും പറയപ്പെടുന്നു.