ചേര്‍ത്തല: ഭരണം നിലനിര്‍ത്താന്‍ യുഡിഎഫും അട്ടിമറി വിജയം നേടാന്‍ എല്‍ഡിഎഫും മോദി സർക്കാറിന്റെ വികസനങ്ങള്‍ കാണിച്ച് പരമാവധി സീറ്റുകള്‍ കൊയ്യാന്‍ എന്‍ഡിഎയും രംഗത്തെത്തിയതോടെ ചേര്‍ത്തലയിലെ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് മുമ്പെങ്ങുമില്ലാത്ത വീറും വാശിയും.
35 അംഗ നഗരസഭാ കൗണ്‍സിലില്‍ വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലേറുമെന്നാണ് ഇടതു-വലത് മുന്നണികളുടെ അവകാശവാദം. ഒരു പതിറ്റാണ്ട് യുഡിഎഫ് ഭരിച്ച ചേര്‍ത്തല നഗരസഭ പിടിച്ചെടുക്കാനായി എല്‍ഡിഎഫ് കച്ചമുറുക്കി ഇറങ്ങിയതോടെ തെരഞ്ഞെടുപ്പ് മത്സരം ആവേശകൊടുമുടിയിലാണ്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ മൂന്ന് ചെയര്മാന്ന്മാരാണ് നഗരസഭ ഭരിച്ചത്. കോണ്‍ഗ്രസിലെ ഐസക് മാടവനയും പി.ഉണ്ണികൃഷ്ണനും ചെയര്മാന് സ്ഥാനം പങ്കിട്ടു.
യുഡിഎഫ് ഭരണത്തിന്റെ അവസാന ഒരു വര്‍ഷം കേരളകോണ്‍ഗ്രസ് മാണിഗ്രൂപ്പിലെ ഉന്നധികാരസമിതി അംഗം വി.ടി. ജോസഫ് ചെയര്‍മാനായി.
പിന്നീട് കേരളാകോണ്‍ഗ്രസ് എല്‍ഡിഎഫിലേക്ക് പോയെങ്കിലും വി.ടി. ജോസഫിന് ഭരണത്തിന്റെ കാലാവധി തികയ്ക്കാന്‍ കഴിഞ്ഞു. യുഡിഎഫ് ഭൂരിപക്ഷമുള്ള നഗരസഭയില്‍ എല്‍ഡിഎഫ് അംഗം ചെയര്‍മാനായ അപൂര്‍വ സംഭവവും ചേര്‍ത്തലയില്‍ നടന്നു.
നഗരസഭയില്‍ ബിജെപി അക്കൗണ്ട് തുറന്നതും ഈ കാലയളവിലാണ്. നഗരസഭയില്‍ നടന്ന രണ്ട് ഉപതെരഞ്ഞെടുപ്പിലും വിജയിച്ച് ബിജെപി അവരുടെ ശക്തി തെളിയിച്ചു.
നഗരസഭയില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് യുഡിഎഫിന്റെ പ്രചാരണം. യുഡിഎഫ് ഭരണത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും സ്വജന പക്ഷാപാതവും വികസന മുരടിപ്പുമാണ് എല്‍ഡിഎഫ് പ്രചാരണ ആയുധമാക്കുന്നത്.
പാവപ്പെട്ട ജനങ്ങള്‍ ആശ്രയിക്കുന്ന താലൂക്കാശുപത്രിയെ എല്ലാ വിധത്തിലും തകര്‍ക്കുകയും, ദേശീയ അംഗീകാരം നഷ്ടപെടുത്തുകയും ചെയ്തുവെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി നഗരസഭയില്‍ ഇതിന്റെ ആനൂകൂല്യങ്ങള്‍ എത്തിക്കാനും സമഗ്രവികസനവും എന്‍ഡിഎ ഉറപ്പുനല്‍കുന്നു.
നഗരസഭയിലെ ബിജെപി സ്ഥാനാര്‍ഥികളില്‍ ഇത്തവണ ദമ്പതികളും മത്സരിക്കുന്നു. നഗരസഭ കൗണ്‍സിലര്‍ ഡി.ജ്യോതിഷ് 15-ാം വാര്‍ഡില്‍ ജനവിധി തേടുമ്പോള്‍ ഭാര്യ രാജശ്രീ 13-ാം വാര്‍ഡില്‍ മത്സരിക്കുന്നു.
എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി എന്‍.രാജേഷ് ഏഴാം വാര്‍ഡില്‍ മത്സരിക്കുമ്പോള്‍ ഭാര്യ എം.ടി. സുജിത ആറാം വാര്‍ഡില്‍ മത്സരിക്കുന്നു.
എട്ടുമുതല്‍ 12 സീറ്റുവരെ എന്‍ഡിഎ ഇത്തവണ പ്രതീക്ഷിക്കുന്നു.
വണ്‍ ഇന്ത്യ വണ്‍ പെന്ഷന് മൂവ്മെന്റിന്റെ സ്ഥാനാര്‍ഥിയായി 30-ാം വാര്‍ഡില്‍ നിന്നും രഞ്ജിത്ത് സ്കറിയ മത്സരിക്കുന്നു.
35 വാര്‍ഡുകളിലായി യുഡിഎഫ്-16, എല്‍ഡിഎഫ്-14 (സിപിഎം 10, സിപിഐ 3, കോണ്‍ഗ്രസ്-എസ് – ഒന്ന്), കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗം-രണ്ട്, ബിജെപി-രണ്ട്, സ്വതന്ത്രന്-ഒന്ന് എന്നിങ്ങനെയാണ് ഇപ്പോഴത്തെ കക്ഷി നില.