ചെറായി: പരിചയം നടിച്ച് സ്വര്‍ണാഭരണം വാങ്ങി വ്യാപാരികളെ കബളിപ്പിക്കുന്നതിനു കഴിഞ്ഞ ദിവസം ചേരാനെല്ലൂര്‍ പോലീസ് പിടികൂടിയ പ്രതി ചെറായിലെ ജ്വല്ലറിയിലും തട്ടിപ്പ് നടത്തി.
പാലക്കാട് പട്ടാമ്പി ശങ്കരമംഗലം സ്വദേശിയായ ഷാനിക് ഷാജി(18)യാണ് ദേവസ്വം നടയിലെ ജ്വല്ലറിയില്‍നിന്നും സമാന രീതിയില്‍ സ്വര്‍ണം വാങ്ങി കബളിപ്പിച്ചിട്ടുള്ളതായി പോലീസ് അറിയിച്ചത്.
ചേരാനെല്ലൂര്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ നടത്തിയ കുറ്റസമ്മത മൊഴിയിലാണ് പ്രതി ഇക്കാര്യം വെളിപ്പെടുത്തിയത്.
ഈ മാസം ഒമ്പതിനു ചെറായി ദേവസ്വം നടയ്ക്ക് തെക്ക് മാറിയുള്ള ഒരു ജ്വല്ലറിയില്‍നിന്നും രണ്ടേമുക്കാല്‍ ഗ്രാം വരുന്ന കുട്ടിവളയാണ് പ്രതി വാങ്ങി മുങ്ങിയത്.
സുഹൃത്തായ സുരേഷിന്റെ മകനാണെന്ന് തെറ്റദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പത്രേ.
ജ്വല്ലറിയിൽ എത്തുന്നതിന് തൊട്ടു മുന്നേ ഉടമയെ പ്രതി തന്നെ ഫോണില്‍ വിളിച്ച് ഞാന്‍ ചെറായി സെന്റ് റോസ് പള്ളിക്കടുത്തുള്ള സുഹൃത്ത് സുരേഷ് ആണെന്നും എന്റെ മകന് വരുമ്പോള്‍ ഒരു കുട്ടിവള കൊടുത്തുവിടണമെന്നും പണം ഞാന്‍ ശനിയാഴ്ച നാട്ടിലെത്തുമ്പോള്‍ തരാമെന്നും വിളിച്ചറിയിച്ചത്രേ.
ഇതു പ്രകാരം പ്രതി സുഹൃത്തിന്റെ മകനാണെന്ന് പറഞ്ഞ് ജ്വല്ലറിയിലെത്തി വളയും വാങ്ങി മുങ്ങുകയായിരുന്നു.
പിന്നീട് സുരേഷ് എന്നു പേരുള്ള സുഹൃത്തിനെ വിളിച്ച് ചോദിച്ചപ്പോഴാണ് തട്ടിപ്പായിരുന്നുവെന്ന് ബോധ്യപ്പെട്ടത്. തുടര്‍ന്ന് ഉടമ മുനമ്പം പോലീസില്‍ പരാതി നല്‍കിയിരുന്നു.